
ദുബായ്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിലും അരങ്ങേറി സിംബാബ്വെക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഐസിസി പുറത്തിറക്കിയ പുതിയ ടി20 റാങ്കിംഗില്‍ 75-ാം സ്ഥാനത്താണ് അഭിഷേക്. ട്രാവിസ് ഹെഡ് തന്നെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ റാങ്കിംഗില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്താണ്. ഹെഡിന് 844 റേറ്റിംഗ് പോയന്റുള്ളപ്പോള്‍ സൂര്യകുമാറിന് 821 റേറ്റിംഗ് പോയന്റാണുള്ളത്.
സിംബാബ്വെക്കെതിരായ രണ്ടാം ടി20യില്‍ അപരാജിത അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ റുതുരാജ് ഗെയ്ക്വാദ് ആണ് റാങ്കിംഗില്‍ നേട്ടം കൊയ്ത മറ്റൊരു ഇന്ത്യന്‍ താരം. 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ റുതുരാജ് ഏഴാം സ്ഥാനത്തെത്തി. സൂര്യകുമാറിന് പുറമെ ആദ്യ പത്തിലുള്ള ഇന്ത്യൻ താരവും റുതുരാജ് മാത്രമാണ്. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട്, പാകിസ്ഥാന്റെ ബാബര്‍ അസം, ഇംഗ്ലണ്ടിന്റെ ജോസ് ബട്ലർ എന്നിവരാണ് മൂന്ന് മുതല്‍ ഏഴെവരെയുള്ള സ്ഥാനങ്ങളില്‍.
മൂന്ന് സ്ഥാനം താഴേക്കിറങ്ങിയ യശസ്വി ജയ്സ്വാള്‍(11) ആദ്യ പത്തില്‍ നിന്ന് പുറത്തായപ്പോള്‍ രോഹിത് ശര്‍മ ഒരു സ്ഥാന താഴേക്കിറങ്ങി 37-ാം സ്ഥാനത്തും റിങ്കു സിംഗ് 39-ാം സ്ഥാനത്തുമുള്ളപ്പോള്‍ വിരാട് കോലി 43-ാം സ്ഥാനത്തേക്ക് വീണു. ഹാര്‍ദ്ദിക് പാണ്ഡ്യ(64), ഇഷാന് കിഷന്(66), ശുഭ്മാന്‍ ഗില്‍(73), ശിവം ദുബെ(74) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ റാങ്കിംഗ്.
ബൗളിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്യ ആണ് രണ്ടാമത്. കുല്‍ദീപ് യാദവ് ആദ്യ പത്തില്‍ നിന്ന് പുറത്തായി 11-ാം സ്ഥാനത്തായപ്പോള്‍ അക്സര്‍ പട്ടേല്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി ഒമ്പതാമതാണ്. ലോകകപ്പിലെ താരമായ ജസ്പ്രീത് ബുമ്ര പതിനാലാം സ്ഥാനത്താണ്. ഓള് റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
Last Updated Jul 10, 2024, 3:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]