കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാർ തലത്തിൽ കർശനമായ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗിയുമായി വിപുലമായ സമ്പർക്കമുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന്, ബന്ധപ്പെട്ട
എല്ലാവരോടും ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ 43 വയസ്സുകാരനായ ഫറോക്ക് സ്വദേശിയെ വിദഗ്ധ ചികിത്സയ്ക്കായി രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇദ്ദേഹത്തിന്റെ ആരോഗ്യനിലയും നിപ ബാധയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും.
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: “നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കി. ഒരിക്കൽ പനി വന്ന് മാറിയ ആളാണ്.
വേറെ ആർക്കും ഇതുവരെ ലക്ഷണം കണ്ടിട്ടില്ല. ഗോഡൗൺ ഒറ്റയ്ക്ക് ക്ലീൻ ചെയ്തിരുന്നു.
ഇവിടെ വവ്വാലിന്റെ സാന്നിധ്യം സംശയിക്കുന്നു.”
രോഗബാധയുടെ പശ്ചാത്തലം
നിപ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ശുചീകരണ തൊഴിലാളിയായ ഇദ്ദേഹം, ഫറോക്കിലെ ഒരു പഴയ കെട്ടിടം വൃത്തിയാക്കുന്നതിനിടെ വൈറസ് ബാധയേറ്റിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് ഡിസ്ചാർജ് ആവുകയും ചെയ്തിരുന്നു.
തുടർന്ന് ബോധക്ഷയം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ ഡീ-അഡിക്ഷൻ സെന്ററിലേക്കും മാറ്റിയിരുന്നു. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം കൂടുതലായിരിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

