
അഹമ്മദാബാദ്: ഐപിഎല്‍ 2024 സീസണിലെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ബാറ്റിംഗ് വിസ്ഫോടനം അഴിച്ചുവിടുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും. സെഞ്ചുറികള്‍ നേടിയ ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 104 പന്തുകളില്‍ 210 റണ്‍സ് ചേര്‍ത്തപ്പോള്‍ ഐപിഎല്ലില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ പിറന്നു. എന്നാല്‍ എബിഡി-കോലി സഖ്യത്തിന്റെ റെക്കോര്‍ഡുകള്‍ തലനാരിഴയ്ക്ക് തകര്‍ക്കാനായില്ല.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് എന്ന റെക്കോര്‍ഡിനൊപ്പമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സിഎസ്കെയ്ക്ക് എതിരായ സെഞ്ചുറിയോടെ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും ഇടംപിടിച്ചത്. 2022ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ് താരങ്ങളായ ക്വിന്റണ്‍ ഡി കോക്കും കെ എല്‍ രാഹുലും 121 ബോളുകളില്‍ 210* റണ്‍സ് ഓപ്പണിംഗില്‍ പടുത്തുയര്‍ത്തിയിരുന്നു. അതേസമയം ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് കൂട്ടുകെട്ട് കൂടിയാണ് സായ്യും ഗില്ലും 104 ബോളുകളില്‍ നേടിയ 210 റണ്‍സ്.
എന്നാല്‍ ഐപിഎല്‍ ചരിത്രത്തിലെ രണ്ട് റെക്കോര്‍ഡുകള്‍ ഇരുവര്‍ക്കും എത്തിപ്പിടിക്കാനായില്ല. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ ആര്‍സിബി താരങ്ങളായ വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും സ്ഥാപിച്ച രണ്ട് റെക്കോര്‍ഡുകള്‍ സായ്-ഗില്‍ താണ്ഡവത്തിലും തകരാതെ നിന്നു. മൂന്നാം സ്ഥാനത്താണ് സായ്-ഗില്‍ കൂട്ടുകെട്ടിന്റെ അഹമ്മദാബാദിലെ 210 റണ്‍സ് നില്‍ക്കുന്നത്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ഡിവില്ലിയേഴ്സും കോലിയും ചേര്‍ന്ന് വെറും 97 പന്തില്‍ 229 റണ്‍സ് നേടിയതാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 2015ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ബെംഗളൂരുവിനായി എബിഡി-കോലി സഖ്യം 102 പന്തില്‍ പുറത്താവാതെ 215* റണ്‍സ് അടിച്ചുകൂട്ടിയതാണ് രണ്ടാമത്.
സിഎസ്കെയ്ക്കെതിരെ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും സെഞ്ചുറികള്‍ നേടിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ 231-3 എന്ന സ്കോര്‍ സ്വന്തമാക്കി. ഇരുവരും 50 വീതം പന്തുകളിലാണ് ശതകം തികച്ചത്. ഗില്‍ 55 പന്തില്‍ 104 ഉം, സായ് 51 പന്തില്‍ 103 ഉം റണ്‍സെടുത്ത് മടങ്ങി. 18-ാം ഓവറിലെ രണ്ടാം പന്തില്‍ തുഷാര്‍ ദേശ്പാണ്ഡെയാണ് ഈ റെക്കോര്‍ഡ് കൂട്ടുകെട്ട് പൊളിച്ചതും ഇരുവരെയും മടക്കിയതും.
Last Updated May 10, 2024, 10:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]