
പാകിസ്ഥാൻ ക്രിക്കറ്റ് ടീം സമീപകാലത്ത് വലിയ തിരിച്ചടിയാണ് നേരിടുന്നത്. സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനവും ന്യൂസിലൻഡിനെതിരായ ഏകദിന – ടി20 പരമ്പരകൾ ദയനീയമായി കൈവിട്ടതും പാകിസ്ഥാനെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ടീമിലെ സീനിയർ താരങ്ങളും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) തമ്മിൽ സ്വരച്ചേർച്ചയില്ലായ്മ ഉടലെടുത്തതായും റിപ്പോർട്ടുകൾ വന്നിരുന്നു. റിപ്പോര്ട്ടുകൾ പ്രകാരം, പാകിസ്ഥാൻറെ നായക സ്ഥാനം രാജിവെയ്ക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് റിസ്വാൻ.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് തന്നോടുള്ള പെരുമാറ്റത്തിൽ റിസ്വാൻ അസ്വസ്ഥനാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ സെമി ഫൈനലിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ നിന്ന് ബാബറിനെയും റിസ്വാനെയും പിസിബി ഒഴിവാക്കിയിരുന്നു. പകരം ആഗ സൽമാനെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും പാകിസ്ഥാൻ രക്ഷപ്പെട്ടില്ല. ടി20 പരമ്പരയിൽ ന്യൂസിലൻഡിനോട് പാകിസ്ഥാൻ 4-1 ന് ദയനീയമായി പരാജയപ്പെട്ടു. ബാബറും റിസ്വാനും ഏകദിന പരമ്പരയിൽ തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ടീം വൈറ്റ്വാഷ് ചെയ്യപ്പെട്ടു.
റിസ്വാനെയും ബാബറിനെയും മുൻകൂട്ടി അറിയിക്കാതെയാണ് ടി20 ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ടെലികോം ഏഷ്യ സ്പോർട്ടിലെ ഒരു റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ റിസ്വാൻ അതൃപ്തനായിരുന്നു. ടി20 ടീം സെലക്ഷനിൽ കൂടുതൽ വ്യക്തത ലഭിക്കാൻ റിസ്വാൻ പിസിബി മേധാവി മൊഹ്സിൻ നഖ്വിയെ കാണാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിന് മുമ്പ് തന്നോട് കൂടിയാലോചിച്ചിട്ടില്ലെന്ന് റിസ്വാൻ പറഞ്ഞു. ടീം സെലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ അധികാരം വേണമെന്ന് റിസ്വാൻ ആഗ്രഹിച്ചിരുന്നുവെന്നും തന്റെ ആവശ്യങ്ങൾ അവഗണിച്ചാൽ ഏകദിന ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]