
നായ്ക്കളുടെ വികാരങ്ങൾ മനസിലാക്കാന്‍ കഴിയുന്നവരാണ് എന്നാണ് നായ സ്നേഹികളില്‍ മിക്കവരുടെയും വിശ്വാസം. എന്നാല്‍, പുതിയ പഠനം പറയുന്നത് നായകളുടെ വികാരങ്ങൾ മനുഷ്യന് മനസിലാക്കാന്‍ പറ്റില്ലെന്നാണ്. മറിച്ച് മനുഷ്യന് തന്റെ വികാരങ്ങൾ വളര്‍ത്തുമൃഗങ്ങളോടും പ്രകടിപ്പിക്കുന്നതിനാല്‍ മറിച്ചൊരു തെറ്റിദ്ധാരണ ഉണ്ടാകുന്നുവെന്നാണ്. മനുഷ്യനുമായി ഏറ്റവും ആദ്യം ബന്ധം സ്ഥാപിച്ച മൃഗങ്ങളിലൊന്നാണ് നായ. ആ ബന്ധത്തിന് ആയിരക്കണക്കിന് നൂറ്റാണ്ടുകളുടെ ആഴമുണ്ട്. എന്നാല്‍, മനുഷ്യരുടെയും നായ്ക്കളുടെയും വൈകാരിക പ്രകടനങ്ങൾ ഒന്നുപോലെയല്ല. യുഎസിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മൃഗക്ഷേമ ശാസ്ത്രജ്ഞയും സൈക്കോളജിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയും എഴുത്തുകാരിയുമായ ഹോളി മോളിനാരോയാണ് ഇതുസംബന്ധിച്ച് പുതിയ പഠനം നടത്തിയിരിക്കുന്നത്. പഠനത്തിനായി. ഒരു മനുഷ്യന് നായയുടെ വികാരങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്നറിയാന്‍ രണ്ട് പരീക്ഷണങ്ങളാണ് നടത്തിയത്.
നായയുടെ നിരവധി വീഡിയോകൾ ഷൂട്ട് ചെയ്ത് അത് തെരഞ്ഞെടുത്ത വ്യക്തികളെ കാണിക്കും. ഇതിലൽ നായയ്ക്ക് സന്തോഷമാണെങ്കില്‍ പോസറ്റീവ് എന്നും സന്തോഷം കുറവാണെങ്കില്‍ നെഗറ്റീവ് എന്നും രേഖപ്പെടുത്തണം. സന്തോഷകരമായ സാഹചര്യങ്ങളില്‍ നായകൾക്ക് ഒരു ട്രീറ്റ് നല്‍കാം. മറിച്ചാണെങ്കില്‍ ശിക്ഷണവും. രണ്ടാമത്തെ പരീക്ഷണത്തില്‍ സന്തോഷകരമായ സാഹചര്യത്തില്‍ ചിത്രീകരിച്ച നായയുടെ വീഡിയോ അസന്തുഷ്ടമായ സാഹചര്യത്തിലാകും മനുഷ്യരെ കാണിക്കുക. അതിന് അനുസൃതമായ തരത്തിലാണ് വീഡിയോ എഡിറ്റ് ചെയ്തത്. ഇതിന് തിരിച്ചുള്ള വീഡിയോയും ആളുകളെ കാണിച്ചിരുന്നു.
ഈ പഠനത്തിനായ 850 പേരാണ് തെരഞ്ഞെടുത്തത്. അത്രയും പേരെ വ്യത്യസ്തമായ ഈ വീഡിയോകൾ കാണിച്ച് നായകൾ സന്തോഷിക്കുകയാണോ എന്ന് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം പേരും നായയുടെ മാനസികാവസ്ഥയെ വീഡിയോയിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തിയത്. ‘ആളുകൾ നായ എന്താണ് ചെയ്യുന്നതെന്ന് നോക്കുന്നില്ല. പകരം നായയ്ക്ക് ചുറ്റമുള്ള സാഹചര്യങ്ങളെ വിലയിരുത്തി അതിന് അനുസരിച്ച് നായയുടെ വികാരം അടയാളപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് മോളിനാരോ അവകാശപ്പെട്ടു.
ഒരു വാക്വം ക്ലീനറിനോടുള്ള നായയുടെ പ്രതികരണം കണ്ട ആളുകൾ നായ അസ്വസ്ഥനാണെന്ന് കുറിച്ചു. എന്നാല്‍ മറ്റൊരു വീഡിയോയില്‍ അതേ നായയെ വ്യത്യസ്ത സന്ദർഭത്തില്‍ കാണിച്ചപ്പോൾ, നായ ശാന്തനാണെന്ന് മിക്കയാളുകളും രേഖപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ രണ്ട് വീഡിയോയിലെ നായുടെ പ്രവര്‍ത്തി ഒന്ന് തന്നെയായിരുന്നു, വാക്വം ക്ലീനറിനോടുള്ള കുര. പക്ഷേ, രണ്ടാമത്തെ വീഡിയോയില്‍ വാക്വം ക്ലീനർ എഡിറ്റ് ചെയ്ത് മാറ്റി. ഇതോടെ കാഴ്ചക്കാര്‍ നായയുടെ കുര ശാന്തതയോടെയുള്ളതാണെന്ന് വിലയിരുത്തി. മനുഷ്യന് സ്വന്തം വികാരങ്ങൾ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളോട് കാണിക്കുന്നതിനാല്‍ അതും അത്തരത്തില്‍ പ്രതികരിക്കുന്നുവെന്ന് ധരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഹോളി മോളിനാരോ പറയുന്നു. ഇത് സംബന്ധിച്ച വിശദമായ പഠനം ആന്ത്രോസൂസ് ജേണലിൽ പ്രസിദ്ധീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]