
8:24 PM IST:
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കോണ്‍ഗ്രസായിരുന്നവര്‍ നാളെയും കോണ്‍ഗ്രസായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും ഇത്രയും നാണം കെട്ട പാര്‍ട്ടി വെറെയുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം തുടര്‍ന്നത്. എത്രയോ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നു. ഒരു സംസ്ഥാന ഭരണം കോൺഗ്രസിന് കൊടുത്താൽ, കോൺഗ്രസ് അത് ബിജെപിക്ക് കൊടുക്കും. ഇങ്ങനെ ഒരു നാണം കെട്ട പാർട്ടി ഉണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു.
8:24 PM IST:
വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു
12:59 PM IST:
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച നടന്നേക്കും. 15നുള്ളില്‍ പ്രഖ്യാപനം നടക്കുമെന്നാണ് സൂചന. സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന് പിന്നാലെ മന്ത്രാലയങ്ങളുമായി കമ്മീഷന് ചര്‍ച്ച നടത്തി. സുരക്ഷ ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയവുമായും ഉദ്യോഗസ്ഥരുടെ യാത്ര, സാധനസാമഗ്രികളുടെ നീക്കം എന്നിവ സംബന്ധിച്ച് റയില്‍വേ മന്ത്രാലയവുമായും ചര്‍ച്ച നടത്തി
12:54 PM IST:
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം.സിദ്ധാർത്ഥന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ട് ഇന്ന് ആവശ്യമുന്നയിച്ചു. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.
12:53 PM IST:
പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ ദുഖമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായി കോണ്‍ഗ്രസ്സിന് ശക്തമായ നിലപാട് എടുക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് ഇതിലൂടെ ജനങ്ങളിലെത്തിയത്.കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് ഇത്തവണയും ലോക്സഭ തെരെഞ്ഞെടുപ്പില്‍ പോരാട്ടം. അതില്‍ എല്‍ഡിഎഫ് വിജയിക്കും. ഒരു പ്രത്യേക മതവിഭാഗത്തെ എതിര്‍ക്കുന്ന നയമല്ല മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫിനും ഉള്ളതെന്നും മുഹമ്മദ് റിയാസ് കോഴിക്കോട് വിശദീകരിച്ചു.
8:19 AM IST:
കേരളത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ തൃശ്ശൂർ ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇന്ന് മുതൽ സജീവമാകും. തൃശ്ശൂരിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി എത്തിയ കെ.മുരളീധരൻ ഇന്ന് പ്രചാരണത്തിന് തുടക്കം കുറിക്കും. രാവിലെ പത്തരയോടെ തൃശ്ശൂരിലെത്തുന്ന മുരളീധരന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. തുടർന്ന് തൃശ്ശൂർ റൗണ്ടിൽ റോഡ് ഷോ ഉണ്ടാകും. കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ മുരളീധരൻ പുഷ്പാർച്ചന നടത്തും. ഭാരത് ജോഡോ ന്യായ് യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി ഒഴികെയുള്ളവർ മണ്ഡലങ്ങളിൽ ഉടൻ സജീവമാകും. വടകരയിലെ സ്ഥാനാർത്ഥി ഷാഫി പറന്പിൽ ഇന്ന് ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും
8:18 AM IST:
കട്ടപ്പനയിൽ ഇരട്ടക്കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന കേസിൽ പ്രതികളെ ഇന്ന് കസ്റ്റഡിയിൽ കിട്ടുമെന്ന കണക്കുകൂട്ടലിൽ പൊലീസ്. മോഷണക്കേസിൽ റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ വിശദമായി ചോദ്യം ചെയ്യും. തുടർന്ന് വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന കാഞ്ചിയാറിലെ വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റൊരു പ്രതി വിഷ്ണുവിനെയും കസ്റ്റഡിയിൽ വാങ്ങും. പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ പൊലീസ്, സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നടന്നോയെന്ന് കണ്ടെത്താൻ വീടിന്റെ തറയടക്കം പൊളിച്ചു പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം.
8:18 AM IST:
പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്. ഏഷ്യാനെറ്റ് ന്യൂസ് പോയന്റ് ബ്ലാങ്കിലാണ് കെ.മുരളീധരന്റെ വെളിപ്പെടുത്തൽ. കെ കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മദയുമായും നല്ല ബന്ധമുണ്ട്. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും കെ.മുരളീധരന് തുറന്നടിച്ചു.
8:17 AM IST:
ഗാസയിൽ ആകാശമാർഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. വിമാനത്തിൽ നിന്ന് വിതരണം ചെയ്ത വലിയ പെട്ടികൾ ഘടിപ്പിച്ച പാരഷ്യൂട്ടുകളിലൊന്ന് വിടരാതെ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണം. സഹായം കാത്ത് താഴെ നിന്നവർക്ക് മേലാണ് ഇത് പതിച്ചത്. ഏത് രാജ്യം ആഹാര സാധാനങ്ങൾ വിതരണം ചെയ്യുന്പോഴാണ് അപകടം ഉണ്ടായത് എന്ന് വ്യക്തമല്ല. അമേരിക്കയും ജോർദനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഗാസയിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്. ഗാസയിലേക്ക് അവശ്യവസ്തുക്കൾ കടൽ മാർഗം എത്തിക്കാനുള്ള ഇടനാഴിനാളെയോടെ പ്രവർത്തന സജ്ജമാകുമെന്ന് യൂറോപ്യൻ കമ്മീഷൻ അറിയിച്ചു