കോഴിക്കോട്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും അർജന്റീന ടീമും ഈ വർഷം ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25ന് താരം കേരളത്തിലെത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഏഴുദിവസം മെസി കേരളത്തിലുണ്ടാകുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ കോഴിക്കോട് നടന്ന പരിപാടിയിൽ പറഞ്ഞു.
നേരത്തെ തീരുമാനിച്ച സൗഹൃദമത്സരത്തിന് പുറമെ മെസി പൊതുപരിപാടിയിലും പങ്കെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മെസിയുമായി സംവദിക്കാനുള്ള അവസരം ആരാധകർക്ക് ഒരുക്കാനും അർജന്റീന ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളും അബ്ദുറഹിമാനും തമ്മിലുള്ള ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഏത് ടീമുമായാണ് മത്സരമെന്ന് തീരുമാനം ഉടനുണ്ടാകും. കൂടുതൽ വിവരങ്ങൾ മന്ത്രി വ്യക്തമാക്കിയിട്ടില്ല.
ഖത്തർ ലോകകപ്പിൽ കിരീടമുയർത്തിയ അർജന്റീന ഫുട്ബോൾ ടീം ഇന്ത്യയിൽ സൗഹൃദമത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ അറിയിച്ചിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ അസോസിയേഷൻ ഈ ക്ഷണം നിരാകരിച്ചു. ഇതറിഞ്ഞ കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് അർജന്റീന ഫുട്ബാൾ അസോസിയേഷന് കത്തയച്ചിരുന്നു. പിന്നാലെ ക്ഷണം സ്വീകരിച്ച് ഇമെയിലും മറുപടിയായി ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ അർജന്റീന അംബാസഡറെ സന്ദർശിച്ച് സംസ്ഥാനത്തെ ഫുട്ബാൾ വികസനത്തിന് അർജന്റീനയുമായി സഹകരിക്കുന്നതിന് താത്പര്യം അറിയിച്ചിരുന്നു. 2011ൽ മെസി ഉൾപ്പെടുന്ന അർജന്റീനയുടെ ടീം കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കളിച്ചിട്ടുണ്ട്. വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ ലയണൽ മെസിയായിരുന്നു അർജന്റീനയുടെ ക്യാപ്ടൻ