തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സമാധിയായെന്ന് മക്കൾ വാദിക്കുന്ന ഗോപൻ വർഷങ്ങളായി കിടപ്പുരോഗിയായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. കിടക്കയിൽ മൂത്രമൊഴിക്കുന്നതിന് മകനായ രാജസേനൻ ഗോപനെ വഴക്ക് പറയുമായിരുന്നുവെന്നും അയൽവാസികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജസേനനെ മോഷണക്കേസിൽ പൊലീസ് മുൻപ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ അർദ്ധരാത്രി ആഭിചാരകർമങ്ങൾ ചെയ്യുമായിരുന്നുവെന്നുമാണ് വിവരം.
കഴിഞ്ഞ ദിവസം ഗോപൻ സമാധിയായെന്ന പോസ്റ്ററുകൾ വീടിനടുത്തുളള ക്ഷേത്രത്തിന്റെ മതിലിൽ മക്കൾ പതിപ്പിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇതോടെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആർഡിഒയുടെ സാന്നിദ്ധ്യത്തിൽ മക്കൾ കെട്ടിയ സമാധി സ്ഥലം പൊളിക്കും. മൃതദേഹം കണ്ടെത്തിയാൽ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.
അച്ഛൻ സ്വന്തം ആഗ്രഹപ്രകാരം സമാധിയായെന്നാണ് രാജസേനൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. 2016ലാണ് ഗോപൻ വീടിനോട് ചേർന്ന് ഒരു ക്ഷേത്രം നിർമിച്ചത്. ആദ്യ രണ്ടുവർഷങ്ങളിൽ ക്ഷേത്രത്തിൽ ചടങ്ങുകൾ കൃത്യമായി നടന്നിരുന്നു. എന്നാൽ അടുത്തിടെയായി ക്ഷേത്രത്തിലെ ചടങ്ങുകൾ രാത്രി സമയങ്ങളിലാണ് നടന്നിരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അച്ഛന്റെ സമാധിയിലൂടെ ക്ഷേത്രത്തിന്റെ അഭിവൃദ്ധിയുണ്ടാകുമെന്നാണ് രാജസേനൻ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]