ന്യൂയോർക്ക്: അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ പോൺ താരം സ്റ്റോമി ഡാനിയേൽസിന് പണം നൽകിയ കേസിൽ (ഹഷ് മണി കേസ് ) നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രത്യേക ശിക്ഷ വിധിച്ച് കോടതി. കേസിൽ ന്യൂയോർക്ക് കോടതി ട്രംപിനെ നിയമപരമായി കുറ്റവാളിയായി പ്രഖ്യാപിച്ചു. എന്നാൽ നിരുപാധികമായി വിട്ടയക്കുന്നതായി ഉത്തരവിട്ടു. അതിനാൽ ട്രംപിന് ജയിൽ ശിക്ഷയോ പിഴയോ ഇല്ല. 20ന് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെയാണ് ചരിത്ര വിധി. ഇതോടെ കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട ആദ്യ യു.എസ് പ്രസിഡന്റായി മാറിയിരിക്കുകയാണ് ട്രംപ്. ഇന്നലെ വെർച്വലായിട്ടാണ് ട്രംപ് കോടതിയിൽ ഹാജരായത്. കേസിൽ ശിക്ഷ വൈകിപ്പിക്കണമെന്ന ട്രംപിന്റെ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ട്രംപ് അഭിഭാഷകൻ മുഖേന സ്റ്റോമിക്ക് 1,30,000 ഡോളർ നൽകിയത്. തുക ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ബിസിനസ് ചെലവാക്കി കാണിച്ചുള്ള രേഖകളാണ് കുരുക്കായത്. കുറ്റം മറയ്ക്കാൻ വ്യാജരേഖകൾ നിർമ്മിച്ചതടക്കം 34ചാർജുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
വേട്ടയാടൽ എന്ന് ട്രംപ്
നാല് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിന് മേൽ ചുമത്തപ്പെട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 15നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മേയിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിവിധ നിയമ തടസങ്ങൾ മുൻനിറുത്തി ശിക്ഷാ വിധി വൈകുകയായിരുന്നു. ക്രിമിനൽ കേസിൽ കുറ്റക്കാരനെന്ന് വിധിക്കപ്പെടുന്ന ആദ്യ യു.എസ് മുൻ/സിറ്റിംഗ് പ്രസിഡന്റാണ് ട്രംപ്. അതേ സമയം, ട്രംപ് ഇപ്പോഴും കുറ്റങ്ങൾ നിഷേധിക്കുന്നു. ഡെമോക്രാറ്റുകളുടെ വേട്ടയാടലിന് ഇരയാണ് താനെന്നും പറയുന്നു. രഹസ്യങ്ങൾ വെളിപ്പെടുത്തില്ലെന്ന കരാർ (നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റ് ) പ്രകാരം ട്രംപ് സ്റ്റോമിയ്ക്ക് പണം നൽകിയത് നിയമവിരുദ്ധമല്ല. എന്നാൽ, തുക ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ബിസിനസ് ചെലവാക്കി കാണിച്ചതാണ് വിനയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]