ഏറ്റവും പുതിയ ഇസ്രയേല്‍- ഹമാസ് സംഘർഷം ഇരു പക്ഷത്തും വലിയ ആള്‍നാശം വിതച്ചിരിക്കുകയാണ്. മരണസംഖ്യ 1500 കടന്നു എന്നാണ് റിപ്പോർട്ട്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഗാസയില്‍ മിസൈലുകളുടെ തീമഴ പെയ്യിക്കുകയാണ്. രക്തരൂക്ഷിതമായ സംഘർഷത്തിന്റെ ഇസ്രയേലിലും ഗാസയിലും നിന്നുള്ള നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. ഇതില്‍ പഴയ ദൃശ്യങ്ങളും ഇസ്രയേലിലോ ഗാസയിലോ നിന്നല്ലാത്ത വീഡിയോകളും ചിത്രങ്ങളും വരെയുണ്ട് എന്നതാണ് യാഥാർഥ്യം. അതിനാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന ഒരു വീഡിയോയുടെ വസ്തുത പരിശോധിക്കാം.
വീഡിയോ
പ്രചാരണം
ഏറെ നിലകളുള്ള കൂറ്റന്‍ കെട്ടിടം തകർക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഫേസ്ബുക്കും എക്സും (പഴയ ട്വിറ്റർ) അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഷെയർ ചെയ്യപ്പെടുന്നത്. ഇസ്രയേല്‍ ഗാസയില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണത്തിന്റെ വീഡിയോയാണിത് എന്നുപറഞ്ഞാണ് ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നിലേറെ മിസൈലുകള്‍ പതിച്ച് കെട്ടിട്ടം നിലംപൊത്തുന്നത് ഒരു മിനുറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍ കാണാം. ഇസ്രയേല്‍ ശക്തമായി തിരിച്ചടിച്ചിരിക്കുന്നു എന്ന തലക്കെട്ടോടെ ഒരാള്‍ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന്റെ സ്ക്രീന്‍ഷോട്ട് ചുവടെ.
വസ്തുത
ബഹുനില കെട്ടിടം തകർക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴത്തെ സംഘർഷത്തില്‍ നിന്നുള്ളതല്ല എന്നതാണ് യാഥാർഥ്യം. 2021ല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കെട്ടിടം തകരുന്നതിന്റെ വീഡിയോയാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെർച്ചിന് വിധേയമാക്കിയതിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ 2021 മെയ് മാസം 13-ാം തിയതി രാജ്യാന്തര മാധ്യമമായ അല്‍ ജസീറ ടിവി ട്വീറ്റ് ചെയ്തിട്ടുള്ളത് റിവേഴ്സ് ഇമേജ് സെർച്ചിലൂടെ കണ്ടെത്തി. അല്‍ ജസീറയുടെ ട്വീറ്റ് താഴെ.
ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലും അല്‍ ജസീറ 2021ല്‍ ട്വീറ്റ് ചെയ്ത ദൃശ്യങ്ങളിലുമുള്ളത് ഒരേ കെട്ടിടമാണ് എന്നതിന് തെളിവ് ചുവടെ. ചിത്രത്തില്‍ ഇടത് ഭാഗത്ത് കാണുന്നത് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലെ സ്ക്രീന്‍ഷോട്ടാണ്. വലത് ഭാഗത്തുള്ളത് അല്‍ ജസീറ 2021ല്‍ ചെയ്ത ട്വീറ്റിലെ വീഡിയോയില്‍ നിന്നെടുത്ത സ്ക്രീന്‍ഷോട്ട്.
നിഗമനം
ഇപ്പോഴത്തെ ഇസ്രായേല്‍- ഹമാസ് സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ 2021ലേതാണ്. അന്ന് ഈ വീഡിയോ അല്‍ ജസീറ ചാനല്‍ ട്വീറ്റ് ചെയ്തിരുന്നതായി ഫാക്ട് ചെക്ക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Oct 10, 2023, 5:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]