കഠ്മണ്ഡു ∙
പ്രക്ഷോഭത്തിൽ കത്തിയമര്‍ന്ന് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ ഹില്‍ട്ടണ്‍ കഠ്മണ്ഡു. ഏഴ് വര്‍ഷത്തെ പ്രയത്നത്തിനുശേഷം 800 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഹോട്ടൽ 2024 ജൂലായിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
64 മീറ്റര്‍ ആണ് ഹോട്ടലിന്റെ ഉയരം. വിവിധ വിഭാഗങ്ങളിലായി ഏകദേശം 176 മുറികളും ഇവിടെയുണ്ടായിരുന്നു.
അഞ്ച് റെസ്റ്റോറന്റുകള്‍, സ്പാ, ജിം, പരിപാടികള്‍ നടത്താനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം ഹോട്ടലിന്റെ സവിശേഷതകളായിരുന്നു. ഹോട്ടൽ കത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുകയാണ്. തീപിടിത്തത്തിൽ ഹോട്ടലിലെ ജനലുകള്‍ പൂർണമായും തകർന്നതായാണ് വിവരം.
മുന്‍ഭാഗവും ഉൾവശവും പൂർണമായും കത്തിനശിച്ചു. കഠ്മണ്ഡു നഗരത്തിന്റെയും മഞ്ഞുമലകളുടെയും 180 ഡിഗ്രിയിലുള്ള വിശാലമായ കാഴ്ചകള്‍ കാണാമായിരുന്ന ഹോട്ടലാണ് കത്തി നശിച്ചത്. നേപ്പാളിന്റെ ഭൂകമ്പ സാധ്യതകള്‍ കണക്കിലെടുത്ത് ശക്തമായ പ്രതിരോധശേഷിയോടെയാണ് ഹില്‍ട്ടണ്‍ രൂപകല്‍പ്പന ചെയ്തിരുന്നത്.
ഭൂകമ്പങ്ങളെ ചെറുക്കാന്‍ ഷിയര്‍ ഭിത്തികളും ഡാംപിങ് സംവിധാനങ്ങളും കെട്ടിടത്തിൽ ഉള്‍പ്പെടുത്തിയിരുന്നു.
ഇന്നലെ സുപ്രീം കോടതിയും പാർലമെന്റ് മന്ദിരവും പ്രതിഷേധക്കാർ അഗ്നിക്ക് ഇരയാക്കിയിരുന്നു. ഇന്ന് നിരവധി ജയിലുകൾ കത്തിച്ചതായും റിപ്പോർട്ടുകളും പുറത്തുവന്നു.
ഇതിനുപിന്നാലെയാണ് ഹിൽട്ടൺ കഠ്മണ്ഡുവും കത്തിയതായ വാർത്ത പുറത്തുവരുന്നത്. 2008ൽ രാജവാഴ്ച അവസാനിപ്പിക്കാനായി നടന്ന പ്രക്ഷോഭത്തിനുശേഷം നേപ്പാൾ കണ്ട
ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്. കഴിഞ്ഞ രണ്ടു വർഷമായി യുവതലമുറയ്ക്കിടയിൽ പുകഞ്ഞ അമർഷത്തിനുമേൽ അടിച്ച അവസാന ആണിയായിരുന്നു സമൂഹമാധ്യമ നിരോധനം.
അഴിമതി, തൊഴിലില്ലായ്മ, ഏകാധിപത്യത്തിലേക്കു നീങ്ങുന്ന സർക്കാർ തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾക്കിടയിൽ അതൃപ്തി പുകഞ്ഞിരുന്നു. ഇതിനിടയിലാണ് സമൂഹമാധ്യമങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയത്.
ഇതിനെതിരെ പുതുതലമുറ പ്രതിഷേധം ആരംഭിച്ചു. പ്രധാനമന്ത്രി കെ.പി.
ശർമ ഒലി രാജിവച്ചു. പ്രക്ഷോഭകർ പാർലമെന്റ് സമുച്ചയത്തിലും സുപ്രീം കോടതിക്കും പ്രസിഡന്റിന്റെ ഓഫിസിനും തീയിട്ടു.
പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ എന്നിവരുടേത് അടക്കം ഉന്നത രാഷ്ട്രീയനേതാക്കളുടെ വസതികൾക്കും സ്ഥാപനങ്ങൾക്കും തീയിട്ടു. തിങ്കളാഴ്ച പൊലീസ് നടപടിയിൽ 19 പേർ കൊല്ലപ്പെട്ടശേഷം, സമൂഹമാധ്യമ നിരോധനം സർക്കാർ പിൻവലിച്ചുവെങ്കിലും പ്രക്ഷോഭം അഴിമതിക്കെതിരെയുള്ള പോരാട്ടമായി തുടരുകയാണ്.
‘ജെൻ സി മുന്നേറ്റം’ എന്നു സ്വയം വിശേഷിപ്പിക്കുന്ന പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ ഓഫിസ് ഉപരോധിക്കുകയും വസതി ആക്രമിച്ചു തീയിടുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]