ദുബായ്: ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്ക് ദുബായിയില്‍ ഇന്നലെ തുടക്കമായതിന് പിന്നാലെ ടി20 റാങ്കിംഗ് പുറത്തുവിട്ട് ഐസിസി. ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഇന്ത്യയുടെ അഭിഷേക് ശര്‍മയും തിലക് വര്‍മയും നിലനിര്‍ത്തി.
829 റേറ്റിംഗ് പോയന്റുമായാണ് അഭിഷേക് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 804 റേറ്റിംഗ് പോയന്റുമായാണ് തിലക് വര്‍മ രണ്ടാം സ്ഥാനത്തുള്ളത്.
ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ആറാം സ്ഥാനത്ത് ഇന്ത്യൻ നായകന് സൂര്യകുമാര്‍ യാദവുമുണ്ട്. 11-ാം സ്ഥാനത്തുള്ള യശസ്വി ജയ്സ്വാളാണ് ബാറ്റിംഗ് റാങ്കിംഗില്‍ മുന്നിലുള്ള മറ്റൊരു ഇന്ത്യൻ താരം.
മലയാളി താരം സഞ്ജു സാംസണ് ഒരു സ്ഥാനം ഉയര്‍ന്ന് 34-ാം സ്ഥാനത്തെത്തിയപ്പോള്‍ ഏഷ്യാ കപ്പ് ടീമിലില്ലാത്ത റുതുരാജ് ഗെയ്ക്വാദ് ഒരു സ്ഥാനം മെച്ചപ്പെടുത്തി 26-ാം സ്ഥാനത്തെത്തി. ബൗളിംഗ് റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യൻ താരങ്ങളില്‍ ഒന്നാമത്.
ന്യൂസിലന്‍ഡ് പേസര്‍ ജേക്കബ് ടഫി ഒന്നാം സ്ഥാനത്തുള്ള റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് രണ്ടാമതും വെസ്റ്റ് ഇന്‍ഡീസിന്റെ അക്കീല്‍ ഹൊസൈന്‍ മൂന്നാമതുമാണ്. ഏഷ്യാ കപ്പ് ടീമിലില്ലെങ്കിലും ഇന്ത്യൻ സ്പിന്നര്‍ രവി ബിഷ്ണോയ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തത്തെയിപ്പോള് ഏഷ്യാ കപ്പ് ടീമിലുള്ള അര്‍ഷ്ദീപ് സിംഗ് ഒരു സ്ഥാനം ഉയര്‍ന്ന് ഒമ്പതാം സ്ഥാനത്തെത്തിയതാണ് മറ്റൊരു ശ്രദ്ധേയമാറ്റം.
ഏഷ്യാ കപ്പ് ടീമിലുള്ള അക്സര്‍ പട്ടേല്‍ ഒരു സ്ഥാനം ഉയര്‍ന്ന് പതിമൂന്നാം സ്ഥാനത്തുമെത്തി. ഓള് റൗണ്മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന് താരം മുഹമ്മദ് നബിയാണ് രണ്ടാമത്.
പാകിസ്ഥാനും യുഎഇയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ത്രിരാഷ്ട്ര ടി20 ടൂര്ണമെന്റിനുശേഷമുള്ള റാങ്കിംഗാണ് ഐസിസി ഇപ്പോള്‍ പുറത്തുവിട്ടത്. ഏഷ്യാ കപ്പിന് മുന്നോടിയായി നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്ഥാനെ 75 റണ്‍സിന് വീഴ്ത്തി പാകിസ്ഥാന് ചാമ്പ്യൻമാരായിരുന്നു.
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് യുഎഇയെ നേരിടാനിറങ്ങുകയാണ്. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ഹോങ്കോംഗിനെ തോല്‍പ്പിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]