ആലപ്പുഴ: രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പാർട്ടി പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിപ്ലവകരമായ മാറ്റങ്ങൾക്ക് വിപ്ലവകരമായ പ്രവർത്തനം ആവശ്യമാണ്. പാർട്ടിയെ ശക്തിപ്പെടുത്താൻ കൂട്ടായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ഡി രാജ പറഞ്ഞു.
രാജ്യത്തെ ഫാസിസ്റ്റ് രാജ്യമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം. ഇന്ത്യയിൽ ഒരു മതം മാത്രം മതിയെന്ന് പറയുന്നു.
സ്ഥിരതയുള്ള സർക്കാരിന് വോട്ട് ചെയ്യണമെന്നാണ് മോദി പറഞ്ഞത്. ഇന്ത്യയെ ഒരു പാർട്ടി മാത്രം ഉള്ള രാജ്യമാക്കി മാറ്റാനും കൂടിയാണ് ബിജെപിയുടെ ശ്രമം.
ഇന്ത്യയുടെ വൈവിധ്യം ബിജെപിയും ആർഎസ്എസും തിരിച്ചറിയുന്നില്ല. ഭരണഘടന മൂല്യങ്ങൾ തകർക്കുകയാണ്.
ജനാധിപത്യം അപകടത്തിലാണ്. ഇങ്ങനെ പോയാൽ ഇന്ത്യയുടെ ഭാവി എന്താകുമെന്നും പ്രസംഗത്തിൽ ഡി രാജ പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക രംഗം തകർച്ചയിലാണ്. എല്ലാത്തിനും മോദി ഗ്യാരന്റി പറയുകയാണ്.
മിസ്റ്റർ മോദി എന്താണ് നിങ്ങളുടെ ഗ്യാരന്റി? ഒരു ബോസിനെ പോലെയാണ് മോദി ഗാരന്റി പറയുന്നത്. ഭരണഘടനയ്ക്ക് ഭീഷണിയാണിത്.
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കണം. മതേതര ജനാധിപത്യ കക്ഷികൾ ഇതിനെതിരെ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിൽ ഇടതുപക്ഷത്തിന് രണ്ടക്കമില്ല. പാർലമെൻ്ററി ജനാധിപത്യത്തിൽ ഇടത്പക്ഷത്തിൻ്റെ റോൾ ചെറുതാണ്.
ഇടത് ഐക്യം വളരെ പ്രധാനമാണ്. അത് ശക്തിപ്പെടുത്തണം.
സിപിഐ പതിവായി ഇടത് ഐക്യത്തിന് ആഹ്വാനം മുഴക്കുന്നു. ഇടത് പക്ഷം മൂന്നാമതും കേരളത്തിൽ അധികാരത്തിൽ വരും.
മുന്നിലുള്ളത് വലിയ വെല്ലുവിളികൾ ആണെങ്കിലും ബംഗാളിലും തിരിച്ചു വരവിൻ്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന് ഒരു റോളും ഇല്ലായിരുന്നു.
ജനാധിപത്യ മതേതര കക്ഷികളുടെ ഏകീകരണം ഉണ്ടായില്ലെങ്കിൽ ബിജെപി വീണ്ടും തുടരും. കമൂണിസ്റ്റുകാർ റോൾ മോഡൽ ആകുക എന്നതാണ് കാലഘട്ടത്തിൻ്റെ ആവശ്യം.
എല്ലാ പോഷക സംഘടനകളും ശക്തമാകണം. പുതിയ ആത്മവിശ്വാസം പകരുന്ന തീരുമാനങ്ങൾ സമ്മേളനത്തിൽ ഉണ്ടാകണം.
ചെങ്കൊടി നമ്മുടെ പ്രതീക്ഷയാണ്. ഇടതു പക്ഷം കേരളത്തിൻ്റെ പരിച ആണെന്ന സന്ദേശം പകരണം.
മറ്റൊരു തന്ത്രമോ ശൈലിയോ സമ്മേളനത്തെ സ്വാധീനിക്കരുത് – ഡി രാജ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം, സിപിഐ യുട്യൂബ് ചാനലായ ‘കനൽ’ സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്തു.
സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡോ കെ നാരായണ ഉദ്ഘാടനം ചെയ്തു. കനൽ ഒരു വാർത്ത ചാനൽ അല്ലെന്നും വ്യത്യസ്തമായ ചാനൽ ആയിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ചാനലിൽ കലയുണ്ടാകും, ചർച്ചകൾ ഉണ്ടാകും, മനുഷ്യരെ ചേർത്ത് പിടിക്കുന്ന എല്ലാത്തിന്റെയും അംശങ്ങൾ ഉണ്ടാകും. കനൽ നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]