ദില്ലി: ജി20 ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് ഹിന്ദിയില്‍ മറുപടി നല്കി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാര്‍ഗരറ്റ് മക്ലിയോഡ്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ റിപ്പോര്‍ട്ടറാണ് മാര്‍ഗരറ്റിനോട് ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും തുടര്‍ന്ന് അവര്‍ ഹിന്ദിയില്‍ തന്നെ മറുപടി നല്‍കുകയും ചെയ്തത്. ആഗോള സമാധാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉള്‍പ്പെടെ ഉച്ചകോടിയില്‍ നടക്കുന്നുണ്ടെന്നും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യു.എസ് എപ്പോഴും സന്നദ്ധമാണെന്നും മാര്‍ഗരറ്റ് പറഞ്ഞു. സമ്പത്ത് രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചും ആഗോളതലത്തില്‍ സ്ഥാനമുറപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും മാര്‍ഗരറ്റ് ഹിന്ദിയില്‍ സംസാരിച്ചു.
അമേരിക്കന്‍ ഉച്ചാരണമെങ്കിലും സ്പുടതയോടെ ഹിന്ദി സംസാരിക്കുന്ന വിദേശ വനിത എന്ന വിശേഷണത്തോടെയാണ് മാര്‍ഗരറ്റ് മക്ലിയോഡ്സിന്റെ പ്രതികരണമിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആരാണ് ഈ ലോക വനിതയെന്നും എന്താണ് ചുമതലയെന്നുമെല്ലാമുള്ള ചോദ്യങ്ങളും ഇതോടൊപ്പമുയരുന്നുണ്ട്. ലോകത്തെ ഹിന്ദി, ഉര്‍ദു ഭാഷാ വിഭാഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനായുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വക്താവാണ് മാര്‍ഗരറ്റ്. ഹിന്ദി, ഉര്‍ദു ഭാഷാ വിഭാഗങ്ങള്‍ക്കിടയില്‍ യു.എസിന്റെ വിദേശ നയത്തെക്കുറിച്ചും മറ്റു പദ്ധതികളെക്കുറിച്ചുമെല്ലാം വിശദീകരിക്കുകയാണ് ഇവരുടെ പ്രധാന ചുമതല.
ഫോറിന് സര്‍വീസ് ഓഫീസറായ മാര്‍ഗരറ്റ് വിദേശരാജ്യങ്ങളിലായുള്ള നിരവധി ദൗത്യങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യ, പാകിസ്താന്, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലെ യു.എസിന്റെ പദ്ധതികളിലും മാര്‍ഗരറ്റ് ഭാഗമായിട്ടുണ്ട്. കൊളംബിയ സര്‍വകലാശാലയില്‍നിന്ന് സുസ്ഥിര വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ മാര്‍ഗരറ്റ് ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ റോട്ടറി സ്കോളറുമായിരുന്നു. മാര്‍ഗരറ്റിന് ഹിന്ദിയും ഉര്‍ദുവും സംസാരിക്കാന്‍ മാത്രമല്ല എഴുതാനുമറിയാം.
സംയുക്ത പ്രസ്താവനയില്‍ കണ്ടപോലെ ഇന്ത്യയും യു.എസും തമ്മില്‍ വലിയ രീതിയിലുള്ള സഹകരണമാണുള്ളത്. വിവര സാങ്കേതിക വിദ്യയിലും ആര്‍ട്ടിഫിഷ്യല്‍ ഇൻറിലജന്സിലും വിദ്യാഭ്യാസ മേഖലയിലും അതീവ പ്രധാന്യമേറിയതും പുതിയതുമായി സാങ്കേതിക വിദ്യകളിലുമെല്ലാം ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ട്. ഇന്ത്യയിലെ ഇലക്ട്രോണിക് വാഹന മേഖലയുടെ മുന്നേറ്റവുമായി ബന്ധപ്പെട്ട് യു.എസ് ചില പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായും ഇരു രാജ്യങ്ങളുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്- എന്നായിരുന്നു മാര്‍ഗരറ്റ് മക്ലിയോഡ് ഹിന്ദിയില്‍ എ.എന്‍.ഐയോട് പ്രതികരിച്ചത്.
Last Updated Sep 10, 2023, 12:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]