
ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ടെസറ്റ് ഫോര്‍മാറ്റ് വിരമിക്കല്‍ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നില്ലെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ അതേര്‍ട്ടണ്‍. കഴിഞ്ഞ ദിവസാണ് രോഹിത് 11 വര്‍ഷത്തെ ടെസ്റ്റ് കരിയറിന് വിരാമമിട്ടത്. ബാറ്റിംഗിലെ മോശം പ്രകടനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നില്‍. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ രോഹിത്തിന് തിളങ്ങളാന്‍ സാധിച്ചിരുന്നില്ല. സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനില് നിന്ന് രോഹിത്തിനെ ഒഴിവാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് രോഹിത്തിന്റെ തീരുമാനം.
ഇതിനിടെയാണ് രോഹിത്തിന്റെ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് അതേര്‍ട്ടണ്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”വിരമിക്കല്‍ പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നോ? അതോ അദ്ദേഹം പുറത്താക്കപ്പെടാന്‍ പോകുകയാണെന്ന് അദ്ദേഹത്തിന് തോന്നിയോ? അതുമല്ലെങ്കില്‍, രോഹിത് ഇല്ലാതെ സെലക്റ്റര്‍മാര്‍ മുന്നോട്ട് പോകുമെന്ന് അദ്ദേഹത്തിന് മനസിലായോ? എന്തുതന്നെ ആയാലും തീരുമാനം വലിയ ഞെട്ടലുണ്ടാക്കിയില്ല. കാരണം രോഹിത് മോശം ഫോമിലായിരുന്നു. രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ കഴിഞ്ഞ 6 മത്സരങ്ങളില്‍ 5 എണ്ണത്തിലും ഇന്ത്യ തോറ്റിരുന്നു. ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളും ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ രണ്ട് മത്സരങ്ങളും. അദ്ദേഹത്തിന്റെ ഫോം ശരിക്കും മോശമായിരുന്നു. അതുകൊണ്ടുതന്നെ തീരുമാനം അപ്രതീക്ഷിതമല്ലായിരുന്നു.” ആതര്‍ട്ടണ്‍ പറഞ്ഞു.
അതേര്‍ട്ടണ്‍ തുടര്‍ന്നു… ”രോഹിത്തിന് 38 വയസ്സായി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധാരാളം പ്രതിഭകളുണ്ട്. ഫോമിലില്ലാത്ത ഒരാള്‍ക്ക് പകരം എന്തായാലും മറ്റൊരാള്‍ വരും. പക്ഷേ ഒരു ടെസ്റ്റ് കരിയര്‍ അവസാനിക്കുമ്പോള്‍ സങ്കടമുണ്ട്. എങ്കിലും ഏകദിനത്തില്‍ അദ്ദേഹത്തിനെ ഇനിയും കാണാം. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോര്‍മാറ്റ് ഏകദിന ക്രിക്കറ്റാണ്. ഏറ്റവും മികച്ച ഏകദിന ഓപ്പണര്‍മാരില്‍ ഒരാളായി രോഹിത് കാണും. പക്ഷേ രസകരമായിരുന്നു ടെസ്റ്റ് കരിയല്‍. ടെസ്റ്റ് കളിക്കാന്‍ അദ്ദേഹത്തിന് വളരെക്കാലം കാത്തിരിക്കേണ്ടി വന്നു. എങ്കിലും ഡസന്‍ സെഞ്ചുറിയും 40-ല്‍ കൂടുതല്‍ ശരാശരി നേടുന്നതും ഒരു വിജയകരമായ കരിയറായി കണക്കാക്കാം. പക്ഷേ അത്ര മികച്ച റെക്കോര്‍ഡല്ല.” അതേര്‍ട്ടണ്‍ പറഞ്ഞു.
രോഹിത് വിരമിച്ചതോടെ ടെസ്റ്റ് ടീമിനെ ആര് നയിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. കഴിഞ്ഞ ദിവസാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. പുതിയ നായകന് ആരാകുമെന്നുള്ള കാര്യത്തില്‍ ബിസിസിഐക്ക് മുന്നില്‍ ഒരുപാട് സാധ്യതകളുണ്ട്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ജസ്പ്രിത് ബുമ്ര… എന്നിങ്ങനെ നീളുന്നു നിര. പലപ്പോഴായി പരിക്കേല്‍ക്കുന്ന ബുമ്രയെ നായകസ്ഥാനം ഏല്‍പ്പിക്കരുതെന്നുള്ള അഭിപ്രായമുണ്ട്. നില്വില് ഗില്ലിന് സാധ്യതയേറെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]