
കോഴിക്കോട്: മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തുന്നത് പതിവാക്കിയ സംഘം പൊലീസ് പിടിയില്‍. പേരാമ്പ്ര കൂത്താളി ആയിഷ മന്‍സിലില്‍ അബ്ദുള്ള മനാഫ് (26), കണ്ണൂര്‍ പള്ളിക്കുന്ന് ലിജാസ് ഹൗസില്‍ ലിജാ ജയന് (27) എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ സരയൂ ഗോള്‍ഡ് എന്ന ജ്വല്ലറിയില്‍ മുക്കുപണ്ടം പണയം വച്ച് 1,30,000 രൂപ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്. മറ്റൊരു സ്ഥാപനത്തില്‍ നിന്ന് സമാന രീതിയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരുവരും പിടിയിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുന്‍പും നിരവധി തവണ ഇവര്‍ മുക്കുപണ്ട തട്ടിപ്പ് നടത്തിയിട്ടുണ്ട്. കാട്ടിലപ്പീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കോഴിക്കോട് നഗരത്തിലെ അഞ്ച് സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ഇവര്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കൊയിലാണ്ടി പൊലീസ് ഇന്‍സ്പെക്ടര്‍ മെല്വിന് ജോസ്, എസ്.ഐ പ്രദീപ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സതീഷ് കുമാര്‍, ദിലീപ്, സിനുരാജ്, ദിവ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Last Updated May 10, 2024, 6:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]