
ദില്ലി: മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയിൽ സുപ്രീം കോടതി നാളെ ഉത്തരവ് പറയാനിരിക്കെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പുതിയ നീക്കം. കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകരുതെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഇ ഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്നത് മൗലികാവകാശം അല്ലെന്ന് ചൂണ്ടികാട്ടിയാണ് ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്നതിന്റെ പേരിൽ കെജ്രിവാളിന് ജാമ്യം നൽകരുതെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യ ഹര്‍ജിയിൽ നാളെ ഉത്തരവുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സുപ്രിം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവ് ഇറക്കുക. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രിം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം സുപ്രീം കോടതയിൽ സംഭവിച്ചത്
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച സുപ്രീം കോടതി, ജാമ്യം നൽകിയാലും കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാൻ കഴിയില്ലെന്നടക്കം ചൂണ്ടിക്കാട്ടിയിരുന്നു. കെജ്രിവാള് മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നുമാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ദില്ലിയിൽ പല ഫയലുകളും കുടുങ്ങി കിടക്കുന്നു. 5 തവണ ഇഡിക്ക് മറുപടി നൽകി. പക്ഷേ ഇഡി പ്രതികരിച്ചില്ലെന്നും കെജ്രിവാളിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ജാമ്യാപേക്ഷയെ ഇ ഡി ശക്തമായി എതിർക്കുകയാണ് ചെയ്തത്. ജ്യാമത്തിൽ വാദം കേൾക്കൽ മാറ്റണമെന്ന് ഇ ഡി ആദ്യം ആവശ്യപ്പെട്ടു. ഗുരുതരമായ കേസിൽ അറസ്റ്റിലായ വ്യക്തിയാണ് കെജ്രിവാളെന്നും ജാമ്യം നൽകിയാൽ ദുരുപയോഗം ചെയ്യുമെന്നും ഇ ഡി കോടതിയിൽ നിലപാടെടുത്തു. ജയിലിലായിട്ടും കെജ്രിവാൾ മുഖ്യമന്ത്രിയായി തുടരുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും ഇ ഡി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. സഹതാപത്തിന്റെ പേരിൽ ജാമ്യം നൽകരുത്. പ്രത്യേക വകുപ്പുകൾ ഇല്ലാത്ത കെജ്രിവാൾ ജയിലിൽ കഴിയുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കില്ല. ഒന്നുമല്ലാത്ത മുഖ്യമന്ത്രിയാണ് കെജ്രിവാളെന്നും ഇ ഡി കോടതിയിൽ വാദിച്ചിരുന്നു.
Last Updated May 9, 2024, 5:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]