
കോട്ടയം നഴ്സിങ് കോളജ് റാഗിങ്: പ്രതികൾക്ക് ജാമ്യം, തീരുമാനം വിദ്യാർഥികളുടെ പ്രായം പരിഗണിച്ച്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ സർക്കാർ നഴ്സിങ് കോളജിലെ കേസിൽ പ്രതികൾക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. 50 ദിവസത്തിലേറെയായി ജയിലിൽ കിടക്കുന്ന വിദ്യാർഥികളുടെ പ്രായമടക്കം പരിഗണിച്ച് ജാമ്യം നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ.പി.രാഹുൽ രാജ് (22), മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ വീട്ടിൽ സാമുവൽ ജോൺസൺ (20), വയനാട് നടവയലിൽ പുൽപ്പള്ളി ഞാവലത്ത് എൻ.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടിൽ സി.റിജിൽ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി.വിവേക് (21) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികൾക്കെതിരെ ഭാരത നിയമ സംഹിതയിലെ 118–ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേർത്താണ് പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ നവംബർ 4 മുതലായിരുന്നു കോട്ടയം സർക്കാർ നഴ്സിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ ക്രൂര റാഗിങ്ങിനു ഇരയായത്. സീനിയർ വിദ്യാർഥികൾക്ക് മദ്യപിക്കാൻ പണം നൽകാത്തവരെ റാഗ് ചെയ്യുകയായിരുന്നു.
ജൂനിയർ വിദ്യാർഥികളെ നഗ്നരാക്കിയശേഷം സ്വകാര്യ ഭാഗങ്ങളിൽ ജിമ്മിൽ ഉപയോഗിക്കുന്ന ഡമ്പൽ തൂക്കുക, മുഖത്തും തലയിലും ക്രീം തേയ്ക്കുക, കോംപസ്, ബ്ലേഡ്, കത്തി എന്നിവ ഉപയോഗിച്ച് ശരീരത്തിൽ മുറിവ് ഉണ്ടാക്കുക, മുറിവിൽ ലോഷൻ തേക്കുക, സംഘം ചേർന്ന് മർദിക്കുക തുടങ്ങിയ ക്രൂരതകളാണ് സീനിയേഴ്സ് നടത്തിയത്. കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഗാന്ധിനഗർ എസ്എച്ച്ഒ ടി.എസ്.ശ്രീജിത്തും സംഘവുമാണ് അന്വേഷണം പൂർത്തിയാക്കിയത്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കോളജിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച സംഭവിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.