
പാട്ന: ബീഹാറിൽ 4 ജില്ലകളിലായി ഇടിമിന്നലേറ്റ് 13 പേർ മരിച്ചു. ബെഗുസരായി, ദർഭംഗ, മധുബനി, സമസ്തിപുർ എന്നീ ജില്ലകളിലാണ് സംഭവം. ബേഗുസരായിൽ അഞ്ചുപേരും ദർഭംഗയിൽ നാലുപേരും മധുബനിയിൽ മൂന്നുപേരും സമസ്തിപൂരിൽ ഒരാളുമാണ് മരിച്ചത്. ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനുമൊപ്പം ഇടിമിന്നലും എത്തിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. 13 പേരുടെ മരണത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു.
മോശം കാലാവസ്ഥയിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ‘മോശം കാലാവസ്ഥ ഉണ്ടായാൽ, ഇടിമിന്നലിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ദുരന്തനിവാരണ വകുപ്പ് ഇടയ്ക്കിടെ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക. മോശം കാലാവസ്ഥയിൽ വീടിനുള്ളിൽ തന്നെ തുടരുക, സുരക്ഷിതരായിരിക്കുക’ – മുഖ്യമന്ത്രി പറഞ്ഞു. ബീഹാർ സാമ്പത്തിക സർവേ (2024-25) റിപ്പോർട്ട് പ്രകാരം 2023 ൽ ഇടിമിന്നലേറ്റ് സംസ്ഥാനത്ത് 275 മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]