
കൊല്ലം: ഒമാനിൽ മരിച്ച പ്രവാസി മഹേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. മസ്ക്കറ്റിൽ നിന്നും നടപടികൾ പൂർത്തിയാക്കി വിമാന മാർഗ്ഗമാണ് മൃതദേഹം എത്തിച്ചത്. വൃക്കകൾ തകർന്ന് നാല് മാസമായി ഒമാനിൽ ചികിത്സയിൽ കഴിഞ്ഞ മഹേഷ്, തന്നെ നാട്ടിലെത്തിച്ച് തരാൻ നിരവധി തവണ സഹായം തേടിയിരുന്നു.
മസ്ക്കറ്റിലെ ബദർ അൽ സമ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം ആറിനാണ് കൊല്ലം സ്വദേശി മഹേഷ് (43) മരിച്ചത്. ഒമാനിൽ വൃക്കകൾ തകർന്ന് കിടപ്പിലായി, ഏറ്റെടുക്കാനും പരിചരിക്കാനും ആളില്ലാതെയും നാട്ടിൽ പോകാനാകാതെയും വലിയ പ്രതിസന്ധിയാണ് മഹേഷ് നേരിട്ടത്. മസ്ക്കറ്റിലെ ആശുപത്രിയിൽ ചികിത്സാബിൽ 68 ലക്ഷം രൂപയും കടന്നിരുന്നു. ജീവനോടെ നാട്ടിൽ പോകാനും ഉറ്റവരെ കാണാനും കഴിയാതെ ഒറ്റപ്പെട്ട മഹേഷിനെ ഒടുവിൽ ജീവനറ്റ് നേരിൽക്കണ്ടപ്പോൾ വീട്ടിൽ വൈകാരിക നിമിഷങ്ങളാണ് ഉണ്ടായത്.
വിവാഹ മോചിതനാണ് മഹേഷ്. മഹേഷിന്റെ അന്ത്യകർമ്മങ്ങൾ സഹോദരിയുടെ മകനാണ് നടത്തിയത്. വിസയും രേഖകളുമില്ലാതെ 8 വർഷത്തിലധികം ഒമാനിൽ പെട്ടതാണ് മഹേഷിന്റെ കാര്യങ്ങൾ പ്രതിസന്ധിയിലാക്കിയത്. സഹോദരിയും അമ്മയും അമ്മൂമ്മയുമാണ് മഹേഷ് മടങ്ങി വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]