
ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആധികാരിക ജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓസ്ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് ഇന്ത്യയും ഓസ്ട്രേലിയയും 117 റേറ്റിംഗ് പോയന്റുമായി തുല്യതയിലായിരുന്നെങ്കിലും ദശാംശ കണക്കില്‍ ഓസീസ് ആയിരുന്നു ഒന്നാമത്.
എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ധരംശാല ടെസ്റ്റിലെ ഇന്നിംഗ്സ് ജയത്തിന് പിന്നാലെ ഐസിസി പോയന്റ് ടേബിള്‍ അപ്ഡേറ്റ് അനുസരിച്ച് ഇന്ത്യക്ക് അഞ്ച് റേറ്റിംഗ് പോയന്റ് നേടി 122 പോയന്റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ഓസ്ട്രേലിയ ഇപ്പോള്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ചാലും രോഹിത്തിനെയും സംഘത്തിനെയും മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാനാവില്ലെന്നും ഇന്ത്യ ഉറപ്പിച്ചു.
നേരത്തെ ഏകദിനത്തിലും ടി20യിലും ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ടെസ്റ്റില്‍ കൂടി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതോടെ മൂന്ന് ഫോര്‍മാറ്റിലെയും നമ്പര്‍ വണ്‍ ടീമായി. ഏകദിനത്തില്‍ ഇന്ത്യ 121 പോയന്റുമായി ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് 118 പോയന്റുള്ള ഓസ്ട്രേലിയ തന്നെയാണ് രണ്ടാമത്. ടി20 റാങ്കിംഗില്‍ 266 പോയന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് 256 റേറ്റിംഗ് പോയന്റുമായി രണ്ടാം സ്ഥാനത്താണ്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്ത് എത്തുന്നത്. 2023 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ നമ്പര്‍ വണ്ണായിരുന്നു.
മൂന്ന് ഫോര്‍മാറ്റിലും നമ്പര്‍ വണ്ണായതിനൊപ്പം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. ഒമ്പത് മത്സരങ്ങളില്‍ ആറ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 74 പോയന്റും 68.51 വിജയശതമാനവുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസിലന്‍ഡ് രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതുമാണ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Mar 10, 2024, 12:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]