കോയമ്പത്തൂർ: ഉന്തുവണ്ടിയിൽ ബീഫ് വിറ്റതിന് ദമ്പതികളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബിജെപി പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ഉദയംപാളത്തെ ആദി ദ്രാവിഡർ കോളനിയിലെ താമസക്കാരായ ആബിതയും ഭർത്താവ് രവിയുമാണ് തുടിയലൂർ പൊലീസിൽ പരാതി നൽകിയത്. ബിജെപി പ്രവർത്തകനായ സുബ്രഹ്മണിയും അനുയായികളും ദമ്പതികളെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
ആബിദയും ഭർത്താവും കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ക്ഷേത്രത്തിന് സമീപത്തായി തട്ടുകട ആരംഭിച്ചത്. അവിടെ മാംസാഹാരങ്ങൾ വിൽക്കുന്ന നിരവധി തട്ടുകടകളും പ്രവർത്തിക്കുന്നുണ്ട്. ഡിസംബർ 25ന് സുബ്രഹ്മണി ക്ഷേത്രത്തിന് സമീപത്തായി ബീഫ് വിൽക്കാൻ പാടില്ലെന്നും ഇല്ലെങ്കിൽ കട ഒഴിയണമെന്നും ദമ്പതികളെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ അടുത്തുളള പല കടകളിലും മത്സ്യവും ചിക്കൻ വിഭവങ്ങളും വിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ആബിത കട ഒഴിയാൻ തയ്യാറായില്ല. ജനുവരി അഞ്ചിന് സുബ്രഹ്മണിയും അനുയായികളും വീണ്ടും കടയിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ ഗ്രാമത്തിലുളളവർ പ്രതിഷേധിക്കുകയും മണിയക്കരംപാളയത്തേക്കുളള റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവത്തിൽ കോർപ്പറേഷൻ കൗൺസിലർ വി രാമമൂർത്തിയും പ്രതികരിച്ചു. ‘ചിക്കൻ സൂപ്പ് മാത്രമേ വിൽക്കൂവെന്ന് പറഞ്ഞാണ് ഇരുവരും കട ആരംഭിച്ചത്. പിന്നാലെ ബീഫ് വിൽക്കാനും തുടങ്ങി. ബീഫ് വിഭവങ്ങൾ വിൽക്കുന്നത് തടയാൻ നിയമമൊന്നുമില്ല. പക്ഷേ കട ക്ഷേത്രത്തിനോട് അടുത്തുളളതിനാൽ പലരും എതിർപ്പ് പ്രകടിപ്പിച്ചു. വിവാദമായതോടെ എല്ലാവരും ക്ഷേത്രത്തിനടുത്തുളള കടകൾ മാറ്റുകയായിരുന്നു’- രാമമൂർത്തി വ്യക്തമാക്കി. ഇതിനുപിന്നാലെ ക്ഷേത്രത്തിന് സമീപം ബീഫ് വിൽപ്പന നടത്തി പൊതുവിശ്വാസം വ്രണപ്പെടുത്തിയ ദമ്പതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമമുഖ്യൻ വി പളനിസ്വാമിയും പൊലീസിൽ പരാതി നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]