
ആലപ്പുഴ: സംഭരിച്ച നെല്ലിന് പണം കിട്ടാതെ കടത്തിൽ മുങ്ങിയ കർഷകരെ ചൂഷണം ചെയ്ത് മില്ലുടമകളും ഇടനിലക്കാരും. ഉണങ്ങിയ നെല്ലിന് പോലും ക്വിൻറലിന് 10 കിലോ കിഴിവ് നൽകാതെ സംഭരിക്കില്ലെന്നാണ് മില്ലുടമകളുടെയും ഇടനിലക്കാരുടെയും ഭീഷണി. ഇതിന് കർഷകർ വഴങ്ങാതായതോടെ കൊയ്ത്ത് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ട നെല്ല് പാടശേഖരങ്ങളിൽ കെട്ടിക്കിടന്ന് നശിക്കുകയാണ്. അധികൃതരാകട്ടെ തിരിഞ്ഞുനോക്കുന്നുമില്ല.
“സര്‍ക്കാര്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ കര്‍ഷകരുടെ അവസ്ഥ ഇങ്ങനെയും. കടമെടുത്തും സ്വര്‍ണം പണയം വെച്ചുമാണ് കൃഷിയിറക്കുന്നത്”- കുട്ടനാട്ടെ വെട്ടിക്കരി പാടശേഖരത്തെ കർഷകനായ എം കെ ബേബിയുടെ വാക്കുകളാണിത്. ഇവിടെയുള്ള 500 ഏക്കറിൽ കൃഷിയിറക്കിയ 287 കർഷകരിൽ ഒരാളാണ്. നല്ല ഒന്നാന്തരം ഡി വൺ ഉമ നെല്ല് കൊയ്തെടുത്തത് എട്ട് ദിവസം മുന്‍പ്.
പിന്നാലെ മില്ലുകാരും ഇടനിലക്കാരും എത്തി. വെറുതെ നെല്ല് സംഭരിക്കില്ല. ക്വിൻറലിന് 10 കിലോ വരെ കിഴിവ് നൽകണം. ഇതാണ് ഭീഷണി. വട്ടിപ്പലിശക്ക് വായ്പയെടുത്ത് കടത്തിൽ മുങ്ങിയ കര്‍ഷകര്‍ ഇതിന് വഴങ്ങിയില്ല. ഇതോടെ പാടശേഖരങ്ങളിൽ ദിവസങ്ങളായി കുന്നുകൂടി കിടക്കുകയാണ് നെല്ല്.
20 ശതമാനം കൊയ്ത്ത് മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. കൊയ്തെടുത്ത നെല്ല് എടുത്തുകൊണ്ട് പോയാലേ ഇനി കൊയ്യുന്ന നെല്ല് കരക്കെത്തിക്കാനാവൂ. മില്ലുകളുടെയും ഇടനിലക്കാരുടെയും ചൂഷണം അവസാനിപ്പിക്കുമെന്ന് മന്ത്രിമാര്‍ നിരന്തരം പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.
Last Updated Nov 9, 2023, 12:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]