തിരുവനന്തപുരം: സപ്ലൈകോയ്ക്ക് മൂക്കുകയറിടാൻ ഉറപ്പിച്ച് ധനവകുപ്പ്. നിലവിലെ പ്രതിസന്ധിക്ക് കാരണം സപ്ലൈകോ മാനേജ്മെന്റിന്റെ പിടിപ്പുകേടാണെന്ന് മന്ത്രി തുറന്നടിച്ചതിന് പിന്നാലെ ചോദിക്കുന്ന പണമത്രയും കൊടുത്ത് സപ്ലൈകോയെ നിലനിര്‍ത്താനാകില്ലെന്ന നിലപാടാണ് ധനവകുപ്പിനുള്ളത്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ കുടിശിക തീര്‍ത്ത് നൽകാതെ വിപണി ഇടപെടൽ പോലും സാധ്യമല്ലെന്ന് സപ്ലൈകോയും വ്യക്തമാക്കുന്നു.
വിലക്കയറ്റത്തിന്റെ കാലത്ത് വിപണി ഇടപെടൽ പൂര്‍ണ്ണമായും പാളി. 13 ഇനം അവശ്യസാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന പിണറായി സര്‍ക്കാരിന്റെ വാദ്ഗാനം പോലും പെരുവഴിയിലാണ്. കുടിശിക തീര്‍ക്കാതെ വിപണി ഇടപെടൽ സാധ്യമല്ലെന്ന് വിലപേശിത്തുടങ്ങിയതോടെയാണ് ഇതുവരെ കൊടുത്ത തുകയുടെ കണക്ക് ധനവകുപ്പ് നിരത്തുന്നത്. മുപ്പത് മാസത്തിനിടെ വില നിയന്ത്രണത്തിനും വിപണി ഇടപെടലിനും നെല്ല് സംഭരണത്തിനുമായി സപ്ലൈകോയ്ക്ക് നൽകിയത് 7943.26 കോടി രൂപയാണ്. വിപണി ഇടപെടലിന് 3058.9 കോടിയും കർഷകരിൽ നിന്ന് നെല്ല് സംഭരണത്തിന് 1294.36 കോടിയും നൽകി. ബാങ്ക് വായ്പയായി 3600 കോടി ലഭ്യമാക്കി. വിപണി ഇടപെടലിന് ഈ വർഷം നാല് മാസത്തിനിടെ 190.9 കോടി രൂപ അനുവദിച്ചു. ബജറ്റിൽ വാർഷിക വകയിരുത്തൽ 190 കോടി മാത്രമെന്നിരിക്കെയാണ് ഇത്.
കഴിഞ്ഞ വർഷം ഇത് 440 കോടിയും 2021–22 കാലയളവിൽ 1428 കോടിയും ആയിരുന്നു. വിപണി ഇടപെടലിന്റെ കണക്കിലാണെങ്കിൽ നെല്ല് സംഭരണത്തിന് ഈ വര്‍ഷം നൽകിയത് 60 കോടിയാണ്. കഴിഞ്ഞ വർഷം 274.36 കോടി അനുവദിച്ചിരുന്നു. സംഭരണ കുടിശിക തീര്‍ക്കാൻ സഹകരണ കണ്‍സോര്‍ഷ്യത്തിൽ നിന്ന് പണമെടുക്കുന്ന പതിവിന് പകരം മൂന്ന് ബാങ്കുകളുടെ കൺസോര്‍ഷ്യത്തെ സമാപിച്ച സപ്ലൈകോയുടെ നടപടി ഏകപക്ഷീയമാണെന്ന് ആരോപിക്കുന്ന ധനവകുപ്പിനും സഹകരണ വകുപ്പിനും ഇക്കാര്യത്തിൽ വലിയ അതൃപ്തിയുമുണ്ട്. തടിക്ക് തട്ടാതെ പോയിരുന്ന സംവിധാനം തകിടം മറിച്ചത് സപ്ലൈകോ ആണെന്നാണ് വകുപ്പുതല വിമര്‍ശനം. ഇതിനെല്ലാം പുറമെ നെല്ല് സംഭരണത്തിൽ കേന്ദ്ര കുടിശിക നേടിയെടുക്കുന്നതിലും സപ്ലൈകോ വരുത്തിയത് ഗുരുതര വീഴ്ചയാണ്. 2018 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് വച്ച് താമസിപ്പിച്ച സപ്ലൈകോ ഇപ്പോഴിത് തീര്‍ത്ത് കൊടുക്കാനുള്ള നെട്ടോട്ടത്തിലാണ്.
വരവ്-ചെലവ് കണക്കുകൾ കൃത്യമല്ല, വായ്പയെടുപ്പ് സംവിധാനത്തിലെ പിഴവ് മുതൽ വകമാറ്റി ചെലവഴിക്കുന്ന തുകയിൽ വരെ സപ്ലൈകോയെ പ്രതിക്കൂട്ടിൽ നിര്‍ത്തുന്നതാണ് ധനവകുപ്പ് നിലപാട്. ഈ അവസ്ഥയിൽ നിന്നാണ് ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന് സപ്ലൈകോയും ധനവകുപ്പും ഒരു പോലെ പരസ്പരം പറയുന്നതും.
Last Updated Nov 8, 2023, 11:35 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]