ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ നാളെ രണ്ടാം മത്സരത്തിനിറങ്ങുന്നു. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് വിജയം നേടിയ ഇന്ത്യ, നാളത്തെ മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ടെസ്റ്റിൽ ആധികാരിക ജയം നേടിയ ടീമിൽ മാറ്റങ്ങൾ വരുത്തുമോ എന്നറിയാനുള്ള ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകർ.
ഓപ്പണിംഗ് സ്ഥാനത്ത് യശസ്വി ജയ്സ്വാളും കെ എൽ രാഹുലും തുടരുമെന്നുറപ്പാണ്. മികച്ച ഫോമിലുള്ള രാഹുലിലാണ് ടീമിന്റെ പ്രതീക്ഷ.
അതേസമയം, മൂന്നാം നമ്പറിൽ മാറ്റത്തിന് സാധ്യതയുണ്ട്. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട
സായ് സുദർശന് പകരം മലയാളി താരം ദേവ്ദത്ത് പടിക്കലിന് അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം അന്താരാഷ്ട്ര മത്സരങ്ങളിൽ ആവർത്തിക്കാൻ സുദർശന് കഴിയുന്നില്ലെന്ന വിമർശനം ശക്തമാണ്.
മൂന്നാം നമ്പറിൽ കളിച്ച ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് 21 ശരാശരിയിൽ വെറും 147 റൺസ് മാത്രമാണ് സായ് സുദർശന്റെ സമ്പാദ്യം. മാഞ്ചസ്റ്ററിൽ നേടിയ ഒരു അർദ്ധ സെഞ്ച്വറി ഒഴിച്ചുനിർത്തിയാൽ ഈ ഇടംകയ്യൻ ബാറ്റർക്ക് എടുത്തുപറയാൻ മറ്റ് നേട്ടങ്ങളില്ല.
ഏഴ് ഇന്നിംഗ്സുകളിൽ രണ്ട് തവണ പൂജ്യത്തിന് പുറത്തായതും താരത്തിന് തിരിച്ചടിയാണ്. എന്നിരുന്നാലും, ടീം മാനേജ്മെന്റ് സുദർശന് ഒരവസരം കൂടി നൽകാൻ തീരുമാനിക്കുകയാണെങ്കിൽ പടിക്കലിന്റെ അരങ്ങേറ്റം ഇനിയും വൈകും.
നായകൻ ശുഭ്മാൻ ഗിൽ നാലാം നമ്പറിലും ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ധ്രുവ് ജുറെൽ അഞ്ചാം നമ്പറിലും ബാറ്റിംഗിനിറങ്ങും. സ്പിൻ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും ടീമിലിടം നേടുമ്പോൾ, നിതീഷ് കുമാർ റെഡ്ഡി പേസ് ഓൾറൗണ്ടറായി തുടരും.
കുൽദീപ് യാദവാണ് ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നർ. പേസ് ബൗളിംഗ് വിഭാഗത്തിലാണ് മറ്റൊരു മാറ്റം വരാൻ സാധ്യത.
ആദ്യ ടെസ്റ്റ് കളിച്ച ജസ്പ്രീത് ബുമ്രക്ക് വിശ്രമം നൽകില്ലെന്ന് ടീം മാനേജ്മെന്റ് സൂചന നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര പരിഗണിച്ച് മുഹമ്മദ് സിറാജിന് വിശ്രമം നൽകിയേക്കാം.
അങ്ങനെയാണെങ്കിൽ പ്രസിദ്ധ് കൃഷ്ണ പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കും. ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ജസ്പ്രീത് ബുമ്ര ഇല്ലാത്തതിനാൽ താരത്തിന് ടെസ്റ്റിൽ വിശ്രമം നൽകാൻ സാധ്യത കുറവാണ്.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ സാധ്യതാ ഇലവൻ: യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ / സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ധ്രുവ് ജുറെൽ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]