ന്യൂഡൽഹി ∙ ഇന്ത്യ – അഫ്ഗാനിസ്ഥാൻ ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കംകുറിക്കാൻ ലക്ഷ്യമിട്ട്
വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്. ഇന്നു മുതൽ 16 വരെ നീളുന്ന സന്ദർശനത്തിനായി അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഡൽഹിയിലേക്കു പുറപ്പെട്ടു.
2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത ശേഷം ഒരു താലിബാൻ നേതാവിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
യുഎൻ രക്ഷാസമിതി ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് താൽക്കാലികമായി നീക്കിയതിനെ തുടർന്നാണ് അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിന് വഴിതെളിഞ്ഞത്. റഷ്യയിൽ നടന്ന മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷനുകളുടെ ഏഴാമത് യോഗത്തിൽ പങ്കെടുത്ത ശേഷമാണ് അമീർ ഖാൻ മുത്തഖി ഡൽഹിയിലേക്കു തിരിച്ചത്.
നിലവിൽ റഷ്യ മാത്രമാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്.
എട്ടു ദിവസത്തെ സന്ദർശനകാലയളവിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഉഭയകക്ഷി സഹകരണം, വ്യാപാരം, ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ, കോൺസുലർ സേവനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തുമെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി മുത്തഖി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
സന്ദർശനവേളയിൽ മുത്തഖിയുടെ വൈദ്യപരിശോധനയും ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
2021 ൽ താലിബാൻ അധികാരമേറ്റതിനു പിന്നാലെ സുരക്ഷ മുൻനിർത്തി അഫ്ഗാനിസ്ഥാനിൽ നിന്ന് പൗരൻമാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. എന്നാൽ മാനുഷിക സഹായങ്ങൾ അഫ്ഗാനിൽ വിതരണം ചെയ്യുന്നതിനായി പരിമിതമായ ഇടപെടലുകൾ നടത്തിയിരുന്നു.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഈ വർഷം ആദ്യം ദുബായിൽ വച്ചു മുത്തഖിയുമായി ചർച്ച നടത്തിയിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]