
.news-body p a {width: auto;float: none;}
കോഴിക്കോട്: കടവരാന്തയുടെ ഇരുമ്പുതൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കെഎസ്ഇബി ജീവനക്കാർക്ക് അനാസ്ഥയുണ്ടായെന്ന് റിപ്പോർട്ട്. പിന്നാലെ കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ കുടുംബം രംഗത്ത്.
കഴിഞ്ഞ മേയിലായിരുന്നു സംഭവം. കേടായ സ്കൂട്ടർ മഴയത്ത് കടവരാന്തയിലേക്ക് കയറ്റി നിറുത്തുന്നതിനിടെ ഇരുമ്പുതൂണിൽ നിന്ന് ഷോക്കേറ്റ് പൂവാട്ടുപറമ്പ് ആനക്കുഴിക്കര പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (18) ആണ് മരിച്ചത്. കോഴിക്കോട് കുറ്റിക്കാട്ടൂർ മുണ്ടുപാലം എ.ഡബ്ല്യു.എച്ച് റോഡ് ജംഗ്ഷന് സമീപത്തായിരുന്നു അപകടം.
കിണാശേരിയിലെ ഹോട്ടലിൽ നിന്ന് ജോലി കഴിഞ്ഞു വരുന്നതിനിടെയാണ് റിജാസിന്റെ സ്കൂട്ടർ കേടായത്. തുടർന്ന് വീട്ടിലേക്ക് പോകാൻ സഹോദരൻ റാഫിയെ വിളിച്ചു. അതിനിടെ ബൈക്ക് കടവരാന്തയിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അപകടം. അബദ്ധത്തിൽ തൂണിൽ പിടിക്കുകയായിരുന്നു. ആസമയം അവിടെയെത്തിയ സഹോദരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനും ഷോക്കേറ്റു. ഇതിനുമുമ്പ് മറ്റൊരാൾക്കും ഇവിടെനിന്ന് ഷോക്കേറ്റിരുന്നു. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് റിജാസ് ഹോട്ടലിലെ ജോലിക്ക് പോയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൂണിൽ ഷോക്കുണ്ടെന്ന് കെഎസ്ഇബിയിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് കടയുടമ പി മുഹമ്മദ് ആരോപിച്ചിരുന്നു. ഓവർസിയർ ഉൾപ്പെടെ മൂന്ന് കെഎസ്ഇബി ജീവനക്കാരുടെ ജാഗ്രതക്കുറവ് അപകടത്തിന് കാരണമായെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ കണ്ടെത്തൽ. സർവീസ് വയറിൽ നിന്നുള്ള വൈദ്യുതിചോർച്ചയാണ് ഷോക്കേൽക്കാൻ ഇടയാക്കിയതെന്നും കടയിലേയ്ക്കുള്ള സർവീസ് വയറിന് സുരക്ഷാപ്രശ്നം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഉപഭോക്താവ് പരാതിപ്പെട്ടിട്ടും സർവീസ് ലൈനിന്റെ തകരാർ കണ്ടെത്തി പരിഹരിക്കാത്തത് കെഎസ്ഇബിയുടെ വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധം ുയർന്നതോടെ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.
മകന്റെ മരണത്തിൽ റിപ്പോർട്ടിൽ പറയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അർഹമായ ധനസഹായം നൽകണമെന്നുമാണ് റിജാസിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തുമെന്നും കുടുംബം പറയുന്നു.