ജിദ്ദ- ജിദ്ദ നവോദയ 30-ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂനിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കി, ഏരിയ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. കേന്ദ്ര കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന ഷറഫിയ ഏരിയയുടെ ഏരിയ സമ്മേളനം മൻസൂർ നഗറിൽ നടന്നു.
ജിദ്ദയിലെ പ്രമുഖ ഗായകരുടെ നേതൃത്വത്തിൽ നടന്ന സ്വാഗത ഗാനത്തോടെ തുടങ്ങിയ സമ്മേളനത്തിൽ മുജീബ് പൂന്താനത്തിന്റെ താത്കാലിക അധ്യക്ഷതയിൽ ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേന്ദ്രം ഭരിക്കുന്ന ഫാസിസിറ്റ് ഗവൺമെന്റ് ഫാസിസത്തിന്റെ ഭീകരമായ അവസ്ഥയിലേക്ക് എത്തിച്ചേർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു നന്മയുടെ തുരുത്തായി ഈ കേരളമെന്ന ഭൂമിക കാത്തു സൂക്ഷിക്കാൻ പ്രവാസികളായ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും, പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ എല്ലാ ഭാഗത്തു നിന്നുമുള്ള കടന്നു കയറ്റത്തിനെതിരെ തങ്ങൾക്കാവുന്ന രീതിയിൽ തടയിടേണ്ട ആവശ്യങ്ങളെ കുറിച്ചും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ കിസ്മത് മമ്പാട് പറഞ്ഞു.
രക്തസാക്ഷി പ്രമേയം സാബു മമ്പാടും, അനുശോചന പ്രമേയം മൂസ മോനും, ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ, സാമ്പത്തിക റിപ്പോർട്ട് ഏരിയ ട്രഷറർ നൗഷാദ് ബാബു, സംഘടന റിപ്പോർട്ട് ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കരയും അവതരിപ്പിച്ചു. പുതിയ ഏരിയ കമ്മിറ്റി പാനൽ ഷറഫിയ ഏരിയ രക്ഷാധികാരി ഫിറോസ് മുഴപ്പിലങ്ങാട് അവതരിപ്പിച്ചു.
കരുവന്നൂർ സഹകരണ ബാങ്കിന്റെ പേരിൽ സഹകരണ മേഖലക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ നടത്തുന്ന സംഘടിത അക്രമത്തിനെതിരെയും, മാധ്യമങ്ങൾക്കെതിരെ യു.എ.പി.എ ചുമത്തുന്നതിനെതിരെയും ഉള്ള പ്രമേയങ്ങൾ സമ്മേളന പ്രതിനിധികൾ ഐകകണ്ഠ്യേന അംഗീകരിച്ചു.
മുജീബ് പൂന്താനം, ഹസൻ, നജ റഫീഖ് എന്നിവർ പ്രതിനിധി സമ്മേളനം നിയന്ത്രിച്ചു. ബിനു മുണ്ടക്കയം ക്രഡെൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.
സമ്മേളനം തെരഞ്ഞെടുത്ത 2023-25 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ഫൈസൽ കൊടശ്ശേരി, സെക്രട്ടറി അമീൻ വേങ്ങൂർ, ട്രഷറർ ബിനു മുണ്ടക്കയം, ജീവകാരുണ്യ കൺവീനർ മുസ്തഫ വണ്ടൂർ, ജോയിന്റ് കൺവീനർ വാസു തിരൂർ, കുടുംബവേദി കൺവീനർ നൗഷാദ് ബാബു, വനിതാ കൺവീനർ നജ റഫീഖ്, യുവജനവേദി കൺവീനർ ഷഫീഖ് എന്നിവരെയും തെരഞ്ഞെടുത്തു.
ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ജിദ്ദ നവോദയ ട്രഷറർ എം.അബ്ദുറഹിമാൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. വാസു തിരൂർ സ്വാഗതവും അമീൻ വേങ്ങൂർ സമ്മേളനത്തിന് നന്ദിയും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]