സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലുള്ള ഖമീസ് മുശൈത്ത് പ്രദേശത്ത് പുറപ്പെടുവിച്ചിരുന്ന ജാഗ്രതാ നിർദ്ദേശം പിൻവലിച്ചതായും നിലവിൽ അപകട ഭീഷണി പൂർണ്ണമായും ഒഴിഞ്ഞതായും സൗദി സിവിൽ ഡിഫൻസ് വിഭാഗം ബുധനാഴ്ച ഔദ്യോഗികമായി അറിയിച്ചു.
മുൻപ് പ്രദേശത്ത് നിലനിന്നിരുന്ന ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു അധികൃതർ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നത്. എങ്കിലും, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.
യമനിലെ ഹൂതി മിലിഷ്യകൾ ജനവാസ കേന്ദ്രങ്ങളെയും സുപ്രധാന സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണം നടത്തിയതായി അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കിയിരുന്നു. അബഹ, ഖമീസ് മുശൈത്ത്, ജാസാൻ, നജ്റാൻ എന്നീ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ഈ നീക്കങ്ങൾ ഉണ്ടായത്.
ഏതെങ്കിലും തരത്തിലുള്ള സംശയകരമായ സാഹചര്യങ്ങൾ ഉണ്ടായാൽ ജനങ്ങൾ പൊലീസിന്റെയോ സിവിൽ ഡിഫൻസിന്റെയോ നിർദ്ദേശങ്ങൾ മാത്രം പിന്തുടരണമെന്ന് സുരക്ഷാ ഏജൻസികൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടസ്ഥലങ്ങളിലോ മറ്റോ ആളുകൾ കൂട്ടംകൂടിനിൽക്കുന്നതും ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതും പൂർണ്ണമായും ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ 998 എന്ന നമ്പറിൽ ബന്ധപ്പെട്ട് വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ സിവിൽ ഡിഫൻസ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

