നീലേശ്വരം ∙ ഓർമത്തുരുത്തിലെവിടെയോ മങ്ങിക്കിടന്ന ചില ചിത്രങ്ങൾ മാത്രമായിരുന്നു ആ നാലു മക്കൾക്കും അച്ഛൻ. എന്നാൽ, ആ അച്ഛന്റെ ശബ്ദം 40 വർഷങ്ങൾക്കുശേഷം മക്കൾ കേട്ടു, പിന്നെ അച്ഛനെ കൺനിറയെ കണ്ടു.
ഭാര്യയെയും നാലു മക്കളെയും വിട്ട് ഒരുദിവസം എങ്ങോട്ടെന്നില്ലാതെ ഇറങ്ങുകയായിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശി ലീൻ അഗസ്റ്റിൻ.
എവിടെയൊക്കെയോ അലഞ്ഞ ശേഷം ഒരു ദിവസം കാസർകോട് ജില്ലയിൽ നീലേശ്വരത്തിനു സമീപം മടിക്കൈ മലപ്പച്ചേരിയിലെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ എത്തുകയായിരുന്നു. 16 വർഷമായി ഈ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയാണ് അദ്ദേഹം.
പലപ്പോഴും നാടിനെയും വീടിനെയുംപറ്റി ചോദിക്കുമ്പോഴൊക്കെ പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞു. അപ്പറഞ്ഞ കാര്യങ്ങൾ കൂട്ടിച്ചേർത്ത് പഴയ കണ്ണികൾ കൂട്ടിയോജിപ്പിക്കുക എളുപ്പമായിരുന്നില്ല.
പുനരധിവാസ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റർ സുസ്മിതയോട് ഇടയ്ക്കെപ്പോഴോ മക്കളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോഴും നാടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കുള്ള മറുപടി അവ്യക്തമായിരുന്നു.
പലപ്പോഴായി പറഞ്ഞ കാര്യങ്ങൾവച്ചുനടത്തിയ അന്വേഷണത്തിൽ ഒരു ബന്ധുവിന്റെ ഫോൺ നമ്പർ ലഭിച്ചതോടെയാണ് ബന്ധത്തിന്റെ കണ്ണികൾ വീണ്ടും കൂട്ടിച്ചേർത്തത്. അദ്ദേഹം വഴി ലീൻ അഗസ്റ്റിന്റെ മക്കളുമായി ബന്ധപ്പെട്ടു.
ലീൻ വീടുവിടുമ്പോൾ ഇളയമകൾ ഉഷയ്ക്ക് 3 വയസ്സായിരുന്നു പ്രായം. ഇപ്പോൾ 43 വയസ്സ്.
മകൻ രാജു കുറച്ചുവർഷം മുൻപ് മരിച്ചു. മൂത്തമകൾ ശോഭയും ഉഷയും കൂടി പുനരധിവാസ കേന്ദ്രത്തിലെത്തി അച്ഛനെക്കണ്ടു.
പിന്നെ അവർക്കൊപ്പം നാട്ടിലേക്ക്; ഭാര്യയും മറ്റൊരു മകൻ സജുവും അവിടെ കാത്തിരിപ്പുണ്ട്. 20 വർഷത്തോളമായി ആരോരുമില്ലാത്തവർക്ക് സംരക്ഷണം നൽകിവരുന്ന സ്ഥാപനമാണ് ന്യൂ മലബാർ പുനരധിവാസ കേന്ദ്രം.
നിലവിൽ ഏകദേശം 120 അച്ഛനമ്മമാർക്ക് സ്ഥാപനം അഭയവും പരിചരണവും നൽകിവരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

