കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് ലഹരി സംഘങ്ങള്‍ പുതിയ രീതികള്‍ പയറ്റുന്നതായി യുഎഇ ആന്റി-നാര്‍കോട്ടിക്സ് അതോറിറ്റി മുന്നറിയിപ്പ് നല്കി. എ4 പേപ്പറുകളിലും മിഠായികളിലും വരെ ലഹരി ഒളിപ്പിച്ചു കടത്തുന്ന തന്ത്രങ്ങള്‍ സ്വീകരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അപ്രതീക്ഷിത പാഴ്സലുകളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും മാതാപിതാക്കളും കുട്ടികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ലഹരിമരുന്നിന് എതിരായ പോരാട്ടം ശക്തമാക്കിയതിന് പിന്നാലെയാണ് ലഹരിക്കടത്തിനായി സംഘങ്ങള്‍ പുതിയ വഴികള്‍ തേടുന്നത്.
കുടുംബങ്ങളെയും വിദ്യാലയങ്ങളെയും കേന്ദ്രീകരിച്ച് ‘യുണൈറ്റഡ് ഇന്‍ എലിമിനേറ്റിങ് ദ സ്കോര്‍ജ്’ എന്ന പേരില്‍ ദേശീയ ബോധവല്‍ക്കരണ ക്യാംപയിനും യുഎഇ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. സാധാരണ പരിശോധനകളില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള രീതിയില്‍ എ4 പേപ്പറില്‍ ലഹരിമരുന്ന് ലയിപ്പിച്ച് കടത്തുന്ന തന്ത്രമാണ് ലഹരി മാഫിയ ഇപ്പോള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
വിദഗ്ധ പരിശോധനയില്‍ മാത്രമാണ് ഇവ കണ്ടെത്താന്‍ കഴിയുന്നത്. ഇതിനുപുറമെ കുട്ടികളെ ആകര്‍ഷിക്കുന്ന മിഠായികള്‍ക്കുള്ളില്‍ ഒളിപ്പിച്ചും, ഇലക്ട്രോണിക് സിഗരറ്റുകളും വെയ്പ്പിങ് ഉപകരണങ്ങളും ദുരുപയോഗം ചെയ്തും ലഹരി എത്തിക്കുന്നുണ്ട്.
കൊറിയര്‍ മാര്‍ഗ്ഗങ്ങളിലൂടെയും ലഹരിക്കടത്ത് വ്യാപകമാകുന്നുണ്ട്. പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് ഡെലിവറി ഏജൻസികൾ വഴി വരുന്ന അപ്രതീക്ഷിത പാഴ്സലുകളും സമ്മാനങ്ങളും സ്വീകരിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുട്ടികളുടെ പെരുമാറ്റത്തില്‍ പ്രകടമാകുന്ന അസാധാരണ മാറ്റങ്ങള്‍ മാതാപിതാക്കള്‍ കൃത്യമായി ശ്രദ്ധിക്കുകയും അവരുമായി തുറന്ന ആശയവിനിമയം നടത്തുകയും വേണം. ലഹരി ഒരു രോഗാവസ്ഥയായി കണ്ട് അപമാനഭയമില്ലാതെ ചികിത്സ തേടാന്‍ കുടുംബങ്ങള്‍ മുന്നോട്ടുവരണമെന്ന് നാഷണല്‍ ആന്റി-നാര്‍കോട്ടിക്സ് അതോറിറ്റി അഭ്യർത്ഥിച്ചു.
ലഹരിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിനും ഹിസന്‍ സേവനത്തിന്റെ 80044 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
രാജ്യത്തേക്ക് ഇത്തരം ലഹരിവസ്തുക്കള്‍ എത്തുന്നത് തടയാന്‍ കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി വിഭാഗങ്ങളുമായി ചേര്‍ന്ന് അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

