തലവടി ഗ്രാമപഞ്ചായത്തിൽ പ്രളയക്കെടുതി നേരിടുന്ന കുടുംബങ്ങൾക്ക് സ്വന്തം വീടും തൊഴുപ്പും തുറന്നുനൽകി മാതൃക തീർത്ത് പ്രസന്ന. 11-ാം വാർഡിലെ ബാലവിഹാർ വീടിന്റെ ഉടമയായ പ്രസന്നയാണ് ദുരിതകാലത്ത് കാരുണ്യത്തിന്റെ മുഖമായി മാറിയത്.
കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായതോടെ സ്വന്തം വീടുകളിൽ കഴിയാനാകാതെ ബുദ്ധിമുട്ടിയ രണ്ട് കുടുംബങ്ങൾക്കാണ് പ്രസന്ന അഭയമൊരുക്കിയത്. ഈ കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പ്രസന്നയും കുടുംബവും നേരിട്ട് ഉറപ്പാക്കുകയുണ്ടായി.
ജലനിരപ്പ് ഉയർന്നത് മൂലം പ്രതിസന്ധിയിലായ കൊച്ചാഞ്ഞിലിവേലി ജോണിയുടെ നാല് പശുക്കൾക്കും പ്രസന്നയുടെ കാരുണ്യം തുണയായി. സ്വന്തം കന്നുകാലികളെ കെട്ടിയിരുന്ന തൊഴുത്ത് ഈ പശുക്കൾക്ക് സുരക്ഷിതമായി കഴിയുന്നതിനായി യാതൊരു മടിയും കൂടാതെ വിട്ടുനൽകുകയായിരുന്നു.
മിണ്ടാപ്രാണികൾക്ക് ആവശ്യമായ തീറ്റയും വെള്ളവും കൃത്യസമയത്ത് ലഭ്യമാക്കാനും കുടുംബം പ്രത്യേക ശ്രദ്ധ പുലർത്തി. പ്രതിസന്ധിഘട്ടത്തിൽ ദുരിതബാധിതർക്ക് പാർപ്പിടമൊരുക്കിയതിനൊപ്പം കന്നുകാലികൾക്കും സുരക്ഷിതമായ ഇടം കണ്ടെത്തി നൽകിയ പ്രസന്നയുടെ ഈ മാതൃകാപരമായ പ്രവർത്തനം പ്രദേശവാസികളുടെ വലിയ പ്രശംസയാണ് നേടിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

