മലബാറിന്റെ കവാടമായ കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ അടയാളമായിരുന്ന ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവർ നീക്കം ചെയ്യുന്നു. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ സ്ഥിതി ചെയ്യുന്ന ഈ ഗോപുരം കാലപ്പഴക്കം മൂലം ബലക്ഷയം നേരിട്ട
സാഹചര്യത്തിലാണ് റെയിൽവേ അധികൃതർ ഇത്തരമൊരു തീരുമാനമെടുത്തത്. അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.
1888-ൽ മദ്രാസ് റെയിൽവേയുടെ ഭാഗമായാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഈ ക്ലോക്ക് ടവർ ദശാബ്ദങ്ങളോളം മലബാറിന്റെ യാത്രാ ചരിത്രത്തിന് സാക്ഷിയായി നിലകൊണ്ടു.
സ്റ്റേഷൻ പ്രവർത്തനമാരംഭിച്ച കാലഘട്ടത്തിൽ തന്നെ പ്ലാറ്റ്ഫോമുകൾക്കൊപ്പം ക്ലോക്ക് ടവറും നിർമ്മിക്കപ്പെട്ടതായാണ് രേഖകൾ വ്യക്തമാക്കുന്നത്. കാലക്രമേണ സ്റ്റേഷന്റെ വികസനത്തിന്റെ ഭാഗമായി നാലാം നമ്പർ ട്രാക്കും പിന്നീട് നിലവിൽ വന്നു.
തുടർന്ന് 2000-ൽ ക്ലോക്ക് ടവറിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. പഴയ മെക്കാനിക്കൽ ഘടികാരത്തിന് പകരം അന്ന് പുതിയ ഇലക്ട്രിക് ക്ലോക്കാണ് അവിടെ സ്ഥാപിച്ചത്.
എന്നാൽ നിലവിൽ കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ടവർ പൂർണ്ണമായും പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. ഇതോടെ മലബാറിന്റെ യാത്രാ ചരിത്രത്തിലെ ഒരു പ്രധാന അടയാളമാണ് കാലയവനികയ്ക്കുള്ളിലേക്ക് മറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

