
തിരുവനന്തപുരം: പിഎം കുസും പദ്ധതി പ്രകാരം സൗരോർജ്ജ പമ്പുകൾ സ്ഥാപിക്കുന്നതിനുവേണ്ടി നടത്തിയ 240 കോടി രൂപയുടെ ടെൻഡറിൽ വൻ ക്രമക്കേടുകൾ നടന്നതായി കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട
ചില രേഖകളും പുറത്തുവിട്ടായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അഞ്ച് കോടി രൂപ വരെ ടെൻഡർ വിളിക്കാൻ അനുമതിയുള്ള അനർട്ട് സി.ഇ.ഒ. 240 കോടി രൂപയുടെ ടെൻഡർ വിളിച്ചതുമുതൽ ക്രമക്കേടുകൾ ആരംഭിക്കുകയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സർക്കാരിൻ്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ എങ്ങനെയാണ് ഇത്രയും ഉയർന്ന തുകയ്ക്ക് ടെൻഡർ വിളിക്കാൻ സാധിച്ചത് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൊത്തം പ്രോസസ്സിലും ക്രമക്കേടാണ് നടന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
കോണ്ടാസ് ഓട്ടോമേഷൻ എന്ന കമ്പനിക്ക് ടെൻഡർ സമർപ്പിച്ച ശേഷം തിരുത്തലുകൾക്ക് അവസരം നൽകുകയും അവർക്ക് വർക്ക് ഓർഡർ നൽകുകയും ചെയ്തു. ടെൻഡർ തുറന്ന ശേഷം എങ്ങനെയാണ് മാറ്റങ്ങൾ അനുവദിക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരം പമ്പുകൾ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ നിശ്ചയിച്ച ബെഞ്ച്മാർക്ക് തുകയുടെ ഇരട്ടിയിലേറെ തുകയ്ക്കാണ് മിക്ക കോൺട്രാക്ടുകളും നൽകിയിരിക്കുന്നത്. രണ്ട് കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെയുള്ള വിവിധ സൗരോർജ്ജ പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള കോൺട്രാക്ടുകളിൽ ഒരു ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് വ്യത്യാസം.
ഇത് മൊത്തം പദ്ധതിച്ചെലവിൽ ഏകദേശം നൂറ് കോടിയിലധികം രൂപയുടെ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇത്രയേറെ വ്യത്യാസം വരുത്താൻ ലഭിച്ച അനുമതിയും ഇതിലെ അഴിമതിയും അന്വേഷണ വിധേയമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
175 കോടി രൂപ നബാർഡിൽ നിന്ന് വായ്പയെടുത്താണ് ഈ ക്രമക്കേട് നടത്തുന്നത്. പദ്ധതികൾ പിഴവില്ലാതെ നടപ്പാക്കുന്നതിന് കമ്പനികൾക്ക് ഗ്രേഡിങ് നടപ്പിലാക്കിയിരുന്നു.
എന്നാൽ, ഇതിൽ യോഗ്യതയില്ലാത്ത കമ്പനികൾക്കും കരാർ നൽകി എന്നാണ് മനസ്സിലാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഏറ്റവും കുറഞ്ഞ തുക വെച്ച ടാറ്റാ സോളാറിനേക്കാൾ കുറഞ്ഞ തുക ടെൻഡർ സമർപ്പിച്ച, ഗ്രേഡിങ് ഇല്ലാത്ത കമ്പനികൾക്കും ടാറ്റയുടെ തുകയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്.
ആർക്കും ഈ സോളാർ പദ്ധതി ഇൻസ്റ്റാൾ ചെയ്യാം എന്ന നിലയാണ്. യാതൊരു ഗുണനിലവാര പരിശോധനകളും ഇല്ലാതെ തോന്നിയപോലെ ക്രമരഹിതമായാണ് കരാർ നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അനർട്ട് സി.ഇ.ഒ.യെ മാറ്റിനിർത്തി ഈ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]