
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ബുദ്ധനും കുട്ടിയും
തകര്‍ക്കപ്പെട്ട രണ്ട് ബുദ്ധപ്രതിമകള്ക്കിടയിലായിരുന്നു.
ബാമിയാനെന്നോ കരുമാടിക്കുട്ടനെന്നോ
നിങ്ങള്‍ക്കങ്ങിനെ എന്തും വിളിക്കാം
അപ്പോഴെല്ലാം ബുദ്ധന്റ പിന്നില്‍ നിന്ന്
വിട്ടു പോവാനാവാത്ത ആല്‍മരം പോലെ
മേഘമെല്ലാം കൂടിച്ചേര്‍ന്നിരിക്കുകയാണ്
ഇലകളെല്ലാം ആകാശം തൊട്ട്
ലോകമെല്ലാം ബുദ്ധന്റെ പിറകില്‍ നോക്കുന്നു
ബുദ്ധനപ്പോള്‍ തകര്‍ന്ന ഉടലില്‍ പുഞ്ചിരിക്കുന്നു
പോകെ പോകെ
ബുദ്ധന്റ പിന്നിലെ ആല്‍മരഛായയില്‍
കൈയ്യേറ്റങ്ങളെല്ലാം പ്രതിഫലിക്കുന്നു.
ബുദ്ധന്റെ പിറക് വശം അനേകം
ജന്മം പോലെ ഒരു കുട്ടി പിടിച്ചു നില്ക്കുന്നു
ഒളിച്ചു കളിയെന്നോ സൂക്ഷ്മതയുള്ള
നോട്ടമെന്നോ വ്യാഖ്യാനിക്കാവുന്ന
ആ നില്പ്പില് ലോകത്തിന്റെ
ഇടറി വീണ നടത്തങ്ങളെ ചാരി വെച്ചിട്ടുണ്ട്,
യുദ്ധങ്ങളുടെ നീണ്ട വിള്ളലുകള്‍
തോക്കിന്റെ പുകച്ചുരുളുകള്‍
താഴ്വരയിലെ ചിമ്മിണി വെട്ടങ്ങളെ
തിരഞ്ഞിറങ്ങുന്നുണ്ട്,
ഓരോ വാതിലിലും മുട്ടുന്നു
തുറന്നു വെക്കുന്ന വീടുകളിലെല്ലാം
ഉള്ളിലേക്ക് ചെല്ലുംതോറും
ആല്‍മരത്തിന്റെ വേരുകള്‍ പോലെ
തൊട്ടെടുക്കാവുന്ന ആകൃതിയില്‍
ജലത്തെ അടക്കം ചെയ്തിരിക്കുന്നു,
അതിന്റെ ഉള്ളില്‍ ശ്വാസത്തിന്റെ കണിക തകരുന്നതിന്റെ മാത്രയില്‍ ധ്യാനംചെയ്യുന്നുണ്ട്
ജലത്തിന്റെ പിന്നാമ്പുറങ്ങളിലെല്ലാം
തകര്‍ന്ന പുഴയുടെ ഏകധ്യാനം
അതിനരികില്‍ കുഞ്ഞു നടത്തങ്ങള്‍
കയറ്റിവെക്കാവുന്ന ഇടങ്ങളിലെല്ലാം
താഴെ വീണ കല്ലിന്റെ പൂര്‍വ്വരൂപം
ഒരു കുട്ടി നടത്തം പഠിക്കുന്ന
ഇടത്തു നിന്നെല്ലാം ശേഖരിച്ച്
ലോകത്തിന്റെ അറ്റത്ത് വെക്കുന്നു
എല്ലാ രാവിലെയുമതിനെ
സൂര്യന് തൊട്ടു തൊട്ടു പോവുന്നു
വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…
Last Updated Jul 8, 2024, 5:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]