
കോഴിക്കോട്: തിരുവമ്പാടിയിൽ വൈദ്യുത ബന്ധം വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകറിനെതിരെ വിമർശനവുമായി സിപിഎം രംഗത്ത്. ബിജു പ്രഭാകർ ചെയ്ത കുറ്റം സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്നു സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വികെ വിനോദ് പറഞ്ഞു. തിരുവമ്പാടിയിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിലാണ് വിനോദിന്റെ പരാമർശം.
ഒരാൾ ആക്രമണം നടത്തിയത് കൊണ്ട് അവരുടെ വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചത് അംഗീകരിക്കില്ല. സർക്കാരും മുന്നണിയും ഈ നടപടി അംഗീകരിക്കുന്നില്ല. അത് കൊണ്ടാണ് വൈദ്യുതി പുനസ്ഥാപിക്കാൻ ഉത്തരവിട്ടതെന്നും ഏരിയാ സെക്രട്ടറി വികെ വിനോദ് പറഞ്ഞു.
അതേസമയം, തിരുവമ്പാടിയിൽ കെഎസ്ഇബിയും റസാക്കിന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവാദം ഒഴിയുന്നില്ല. റസാക്കിന്റെ മകൻ, യൂത്ത് കോൺഗ്രസ് നേതാവായ അജ്മൽ കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ പ്രതിഷേധ മാർച്ച് നടത്തി. തിരുവമ്പാടിയിൽ വിശദീകരണ യോഗവും സംഘടിപ്പിച്ചു. അജ്മലും സഹോദരനും ചേർന്ന് നടത്തിയ ഓഫീസ് ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് അടക്കം പരിക്കേൽക്കുകയും ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തിരുന്നു. എന്നാൽ കെഎസ്ഇബിക്കെതിരെ മാനഹാനിക്ക് കേസ് കൊടുക്കുമെന്ന് റസാഖിന്റെ കുടുംബം പ്രതികരിച്ചിരുന്നു.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് തല്ലി തകർക്കുകയും ചെയ്തുവെന്ന കേസിൽ സഹോദരങ്ങളായ അജ്മൽ ഫഹ്ദദ് എന്നിവർക്കെതിരെ പോലീസ് നടപടി തുടരുന്നതിനിടെയാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചത്. തിരുവമ്പാടി സ്വദേശി റസാക്കിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് കെഎസ്ഇബി ഇന്നലെ ഉച്ചയോടെ വിച്ഛേദിച്ചത്. റസാക്കിന്റെ മക്കളായ അജ്മലും ഫഹദ് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിനെ തുടർന്നായിരുന്നു കെഎസ്ഇബിയുടെ തീരുമാനം.
എന്നാൽ മക്കൾ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെഎസ്ഇബിയുടെ നടപടി വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചു. ഇതോടെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ കെഎസ്ഇബി തീരുമാനം എടുത്തു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇനി ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനസ്ഥാപിക്കാമെന്നും വ്യക്തമാക്കി. ഇതനുസരിച്ച് കളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർ റസാക്കിന്റെ വീട്ടിലെത്തിയെങ്കിലും ഇനി പ്രശ്നമുണ്ടാക്കില്ലെന്ന സത്യവാങ്മൂലത്തിൽ ഒപ്പ് വെക്കാൻ റസാക്കും കുടുംബവും തയ്യാറായില്ല. എന്നാൽ വിവാദമായതോടെ, മനുഷ്യാവകാശകമ്മീഷൻ അടക്കം ഇടപെട്ടസാഹചര്യത്തിൽ വീട്ടിലെ വൈദ്യുതി പുനസ്ഥാപിക്കുകയായിരുന്നു.
Last Updated Jul 8, 2024, 7:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]