സിബിഎസ്ഇ പുനർ മൂല്യനിർണയ നടപടികൾ അടിയന്തരമായി പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഇതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട
കൃത്യമായ കർമപദ്ധതി വെള്ളിയാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കോടതി ബോർഡിനോട് ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഈ ഇടപെടൽ.
ഹർജിയിൽ വെള്ളിയാഴ്ച വീണ്ടും വാദം കേൾക്കും. അതേസമയം, വരാനിരിക്കുന്ന പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച തടയാൻ അതീവ ജാഗ്രതയാണ് ദേശീയ പരീക്ഷ ഏജൻസി (NTA) ഏർപ്പെടുത്തിയിരിക്കുന്നത്.
പരീക്ഷാകേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകൾ എത്തിക്കുന്നതിന് വ്യോമസേനയുടെ സഹായം ഉറപ്പാക്കിയിട്ടുണ്ട്. ചോദ്യങ്ങൾ തയ്യാറാക്കുന്ന വിദഗ്ധർക്ക് പരീക്ഷ കഴിയുന്നതുവരെ കർശനമായ ‘ലോക്ക് ഡൗൺ’ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
ചോദ്യങ്ങൾ തയ്യാറാക്കുന്ന അധ്യാപക സംഘത്തെയും പരിഭാഷകരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്.
ജൂൺ 21 വരെ ഈ സുരക്ഷാ നിരീക്ഷണങ്ങൾ തുടരും. കൂടാതെ, ചോദ്യപേപ്പർ അച്ചടി, സംഭരണം, വിതരണം എന്നീ ഘട്ടങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
പുനഃപരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടന്നിരുന്നുവെങ്കിലും, ഇവ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുണ്ടായിട്ടില്ലെന്ന് എൻടിഎ ആവർത്തിച്ചു.
ഇതിനിടെ, 2018 മുതൽ നീറ്റ് പരീക്ഷ നടത്തിപ്പിൽ വന്ന വീഴ്ചകൾ സംബന്ധിച്ച റിപ്പോർട്ട് പാർലമെൻററി സമിതിക്ക് മുമ്പാകെ സമർപ്പിക്കുമെന്ന് എൻടിഎ അറിയിച്ചു. ഈ മാസം പത്തിനകം റിപ്പോർട്ട് നൽകാനാണ് തീരുമാനം.
വിദ്യാഭ്യാസ കാര്യങ്ങൾ പരിഗണിക്കുന്ന പാർലമെൻററി സമിതി നേരത്തെ തന്നെ എൻടിഎയോട് വിശദീകരണം തേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

