
അമിതഭാരം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ ജോലിമേഖലയിലെ ഉത്പാദനക്ഷമതയെയും അത് മോശമായി ബാധിച്ചേക്കും. ഇത് തടയാനായി തങ്ങളുടെ തൊഴിലാളികൾക്കായി ഒരു പുതിയ പദ്ധതി ആവിഷ്കരിച്ച് മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ് ഒരു ചൈനീസ് ടെക് കമ്പനി.
Insta360 എന്ന ചൈനീസ് ടെക് കമ്പനിയാണ് തങ്ങളുടെ ജീവനക്കാർക്കായി ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ശരീരഭാരം കുറച്ച് ആരോഗ്യവാന്മാരായിരിക്കുന്ന തൊഴിലാളികൾക്ക് പ്രോത്സാഹന സമ്മാനമായി ഒരു ദശലക്ഷം യുവാൻ (US $140,000) ആണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഷെൻഷെനാണ് കമ്പനിയുടെ ആസ്ഥാനം. 2023 -ൻ്റെ തുടക്കത്തിലാണ് കമ്പനി ഈ പദ്ധതി ആരംഭിച്ചത്, അതിൻ്റെ ഫലമായി 150 ജീവനക്കാർ തങ്ങളുടെ ശരീരഭാരം കുറച്ചു. വാഗ്ദാനം ചെയ്തതുപോലെ അവർക്കെല്ലാവർക്കും കമ്പനി സമ്മാനം നൽകുകയും ചെയ്തു
സൗത്ത് ചൈന മോണിംഗ് പോസ്റ്റിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഈ പദ്ധതി ഒരു ഭാരം കുറയ്ക്കൽ ക്യാമ്പ് പോലെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു സെഷനിൽ 30 ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്നുമാസം നീണ്ടുനിൽക്കുന്ന ഒരു പ്രോഗ്രാമായാണ് ഇത് കമ്പനി നടപ്പിലാക്കുന്നത്. കൂടാതെ അമിതവണ്ണമുള്ള ജീവനക്കാർക്ക് പ്രത്യേക സെഷനുകളും ഉണ്ട്. കമ്പനിയിലെ ജീവനക്കാരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ഓരോ പ്രാവശ്യവും പങ്കെടുക്കുന്നവരുടെയും ഭാരം ഓരോ ആഴ്ചയും നോക്കുകയും ഓരോ ഗ്രൂപ്പിനും ശരാശരി നഷ്ടപ്പെടുന്ന ഓരോ 0.5 കിലോയ്ക്ക് 400 യുവാൻ (US$55) നൽകുകയും ചെയ്യും.
അംഗങ്ങളിൽ ആർക്കെങ്കിലും ഭാരം കൂടിയാൽ, ഗ്രൂപ്പിൻറെ ബോണസ് നഷ്ടമാവുകയും എല്ലാവരും 500 യുവാൻ വീതം പിഴ അടക്കുകയും വേണം. എന്നാൽ, ഇത്തരത്തിൽ ഇതുവരെയും ആർക്കും ഇവിടെ ഭാരം കൂടിയിട്ടില്ല എന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട്.
Last Updated Jun 9, 2024, 2:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]