
ബെംഗളൂരു: തുണി കഴുകാനുള്ള സോപ്പ് പൊടി മുതൽ എല്ലുകൾ ദുർബലമാക്കുന്ന മരുന്നുകൾ അടക്കം ഉപയോഗിച്ച് ഐസ്ക്രീം നിർമ്മാണം. ബെംഗളൂരുവിൽ 97 ഐസ്ക്രീം കടകൾക്ക് നോട്ടീസുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന 220 ഐസ് ക്രീം കടകളിൽ 97 എണ്ണത്തിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. നിലവാരം കുറഞ്ഞ ഐസ്ക്രീം, ഐസ് കാൻഡി, കൂൾ ഡ്രിങ്കുകൾ എന്നിവ വിൽപ്പന നടത്തിയതിനാണ് നോട്ടീസ്.
പലയിടങ്ങളിലും വളരെ മോശം സാഹചര്യങ്ങളിലാണ് ഐസ്ക്രീം അടക്കമുള്ളവ സൂക്ഷിച്ചിരിക്കുന്നത്. ഐസ്ക്രീമിന്റെ ലുക്ക് കൂടുതൽ ആകർഷകമാക്കാൻ സോപ്പ് പൊടി അടക്കമുള്ളവ ഉപയോഗിക്കുന്നതായാണ് വ്യക്തമായിട്ടുള്ളത്. കൂൾ ഡ്രിങ്കുകളിൽ നുരയുണ്ടാവാൻ ഫോസ്ഫോറിക് ആസിഡ് വ്യാപകമായി ഉപയോഗിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. എല്ലുകൾ ദുർബലമാക്കുന്നതാണ് ഫോസ്ഫോറിക് ആസിഡിന്റെ ഉപയോഗം.
വിവിധ ഐസ്ക്രീം ഷോപ്പുകൾക്കായി 38000 രൂപയാണ് പിഴയീടാക്കിയിട്ടുള്ളത്. സിന്തറ്റിക് പാൽ അടക്കം ഉപയോഗിച്ച് ഐസ്ക്രീമുകൾ നിർമ്മിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സോപ്പു പൊടികൾ, കൊഴുപ്പ്, യൂറിയ എന്നിവ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച പാലിൽ പഞ്ചസാരയ്ക്ക് പകരം കെമിക്കലുകളും തുണികളിൽ ഉപയോഗിക്കുന്ന ഡൈകളുമാണ് നിറത്തിനായും ഉപയോഗിക്കുന്നത്.
അളവിൽ കവിഞ്ഞ രീതിയിൽ ഐസ് കാൻഡികളിലും കൂൾ ഡ്രിങ്കുകളിലും ഉപയോഗശൂന്യമായ വെള്ളവും കെമിക്കലുകളുമാണ് വ്യാപകമായി ഉപയോഗിക്കുന്നത്. സോപ്പുപൊടി മനുഷ്യ ശരീരത്തിനുള്ളിൽ ചെല്ലുന്നത് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നിരിക്കെയാണ് ഇതെല്ലാമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് വിശദമാക്കുന്നത്. തലകറക്കം, ഛർദ്ദിൽ, വയറിളക്കം അടക്കമുള്ള ഇത് മൂലം സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. വൃക്കയും കരളും വരെ തകരാറിലാക്കുന്നതാണ് ഇത്തരം വ്യാജന്മാരെന്നാണ് മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]