![](https://newskerala.net/wp-content/uploads/2025/02/accident.1.3130935.jpg)
മെക്സിക്കോ സിറ്റി: 41 പേർ വെന്തുമരിക്കാനിടയാക്കിയ ബസപകടമുണ്ടായ സ്ഥലത്തെ ദൃശ്യങ്ങൾ ആരെയും നടുക്കുന്നത്. ഫ്രെയിം മാത്രം ശേഷിക്കുന്ന കത്തിയമർന്ന ലോഹ നിർമ്മിത ബസിനുളളിൽ തലയോട്ടികൾ ചിതറിക്കിടക്കുകയാണ്. ഇത് ആരുടേതാണെന്ന് തിരിച്ചറിയാൻ പോലും ആകാത്ത അവസ്ഥയിലാണ്. മെക്സിക്കോയിലെ ചെറുനഗരമായ എസ്കാർസെഗയ്ക്ക് സമീപത്തായാണ് അപകടമുണ്ടായത്. കാൻകുനിൽ നിന്ന് ടാബാസ്കോയിലേക്ക് പുറപ്പെട്ട ബസാണ് ദുരന്തത്തിൽ അകപ്പെട്ടത്.
പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് 48 പേരുമായി പോയ ബസ് ട്രക്കിലേക്ക് ഇടിച്ച് കയറിയത്. 38 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമാണ് അപകടത്തിൽ മരിച്ചത്. കൂട്ടിയിടിക്ക് പിന്നാലെ ബസ് പൂർണമായി കത്തിനശിച്ചതാണ് മരണ സംഖ്യ ഉയരാൻ കാരണമായത്. ട്രക്കിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.
അപകടമുണ്ടായി നിമിഷങ്ങൾക്കകം ബസ് അഗ്നിഗോളമാവുകയായിരുന്നു. യാത്രക്കാരിൽ മിക്കവരും തിരിച്ചറിയാനാവാത്ത രീതിയിൽ കത്തിയമർന്നു. അപകടവിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ എത്തിയെങ്കിലും അവർക്ക് ഒന്നും ചെയ്യാനായില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ 18 തലയോട്ടികളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. യാത്രക്കാർ മിക്കവരും നല്ല ഉറക്കത്തിലായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടൂർസ് അകോസ്റ്റ എന്ന സ്ഥാപനത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് അമിത വേഗത്തിൽ അല്ലായിരുന്നു സഞ്ചരിച്ചിരുന്നതെന്നാണ് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഡ്രൈവർമാരിൽ ആരെങ്കിലും ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് കരുതുന്നത്.