
ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒ.ബി.സി. വിഭാഗത്തില്‍ ജനിച്ചയാളല്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി സര്‍ക്കാര്‍. ‘പ്രധാനമന്ത്രിയുടെ ജാതിയെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട വസ്തുതകള്‍’ എന്ന തലക്കെട്ടിലാണ് കുറിപ്പ് പുറത്തിറക്കിയത്.
നരേന്ദ്ര മോഡി ഉള്‍പ്പെടുന്ന മോധ് ഘഞ്ചി ജാതി, ഗുജറാത്ത് സര്‍ക്കാരിന്റെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്ന വിഭാഗത്തിന്റെയും ഒ.ബി.സിയുടെയും പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് സര്‍ക്കാരിന്റെ കുറിപ്പില്‍ പറയുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് മോധ് ഘഞ്ചി ജാതിയെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. മാത്രമല്ല, മോധി ഘഞ്ചി ജാതിയെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം വന്നത് 2000 ഏപ്രില്‍ നാലിനാണ്. ഈ രണ്ട് വിജ്ഞാപനങ്ങളും വന്ന സമയത്ത് നരേന്ദ്ര മോഡി അധികാരത്തിലുണ്ടായിരുന്നില്ലെന്നും കുറിപ്പ് വ്യക്തമാക്കുന്നു.
ഒഡീഷയില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ആയിരുന്നു രാഹുലിന്റെ പരാമര്‍ശം. ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ള ആളാണെന്ന് പറഞ്ഞ് മോഡി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഘഞ്ചി ജാതിയിലെ കുടുംബത്തിലാണ് മോഡി ജനിച്ചതെന്നും ഗുജറാത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ് ഘഞ്ചിയെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് എന്നുമാണ് രാഹുല്‍ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
