മോസ്കോ: രാജ്യത്ത് ജനന നിരക്ക് വർദ്ധിപ്പിക്കാനുള്ള പുതിയ പദ്ധതികളുമായി റഷ്യ. ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന 25 വയസിൽ താഴെയുള്ള വിദ്യാർത്ഥിനികൾക്ക് ഒരു ലക്ഷം റൂബിൾ (ഏകദേശം 81,000 രൂപ) നൽകുമെന്നാണ് കരേലിയ പ്രവിശ്യാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് ശേഷം പ്രസവിച്ച വിദ്യാത്ഥിനികൾക്കാണ് പണം ലഭിക്കുക.
കുഞ്ഞിന് ജന്മം നൽകിയ യുവതി ഏതെങ്കിലും യൂണിവേഴ്സിറ്റിയിലോ കോളേജിലോ പഠിക്കുന്ന വിദ്യാർത്ഥിനിയായിരിക്കണം. പ്രായം 25 വയസിൽ താഴെയാവണം. കരേലിയയിൽ സ്ഥിരതാമസമാക്കിയ യുവതിയാകണം എന്നീ മൂന്ന് നിബന്ധനകളും ബാധകമാണ്. പ്രസവത്തിനിടെ കുട്ടി മരിച്ചാൽ ഈ ആനുകൂല്യം ലഭിക്കില്ല. വൈകല്യമുള്ള കുട്ടികൾക്ക് ജന്മം നൽകുന്ന യുവതികൾക്കും പണം നൽകുമോ എന്ന കാര്യം പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടില്ല.
പ്രസവം പ്രോത്സാഹിപ്പിക്കാനായി സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്ന റഷ്യയിലെ ആദ്യത്തെ സംസ്ഥാനമല്ല കരേലിയ. 11 പ്രവിശ്യകളിലെ സർക്കാരുകൾ ഇതിനകം പ്രസവിച്ച യുവതികൾക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, രാജ്യത്ത് പ്രസവിക്കുന്ന യുവതികൾക്ക് ആവശ്യമായ സംരക്ഷണവും സാമ്പത്തിക സ്ഥിതിയും ഇല്ലാത്തതിനാൽ നിലവിലെ പദ്ധതികളെല്ലാം അപര്യാപ്തമാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2024ന്റെ ആദ്യപകുതിയിൽ 5,99,600 കുട്ടികൾ മാത്രമാണ് റഷ്യയിൽ ജനിച്ചത്. കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് ഇത്. 2023ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 16,000 കുട്ടികളുടെ കുറവാണ് ഉണ്ടായത്. 2024 ജൂണിലും ജനന നിരക്കിൽ വലിയ കുറവാണ് ഉണ്ടായത്.