മുംബയ്: ഇരുട്ടിവെളുക്കുമ്പോൾ മുടി മുഴുവൻ കൊഴിഞ്ഞുപോകുന്നു. മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമത്തിലുള്ളവർക്കാണ് ഈ ദുരവസ്ഥ. ആൺ പെൺ വ്യത്യാസമില്ലാതെ ഗ്രാമങ്ങളിലെ പകുതിയിൽ കൂടുതൽ ആൾക്കാരും ഈ അവസ്ഥയുടെ പിടിയിലാണെന്നാണ് റിപ്പോർട്ടുകൾ. അത്യപൂർവ സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബോണ്ട്ഗാവ്, കൽവാഡ്, ഹിൻഗ്ന ഗ്രാമത്തിലെ ജനങ്ങളാണ് ദുരിതത്തിലായത്.
ഒരു ലക്ഷണവുമില്ലാതെയാണ് പത്തും പന്ത്രണ്ടും വയസായവരുടേത് ഉൾപ്പെടെ മുടി പൊഴിയുന്നത്. ആദ്യം ചെറിയ രീതിയിലാണ് കൊഴിച്ചിൽ തുടങ്ങുന്നത്. ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ മുടി ഏറക്കുറെ നഷ്ടമാകുന്നു. വീണ്ടും കിളിർക്കുന്നതിന്റെ ഒരു ലക്ഷണവും കാണിക്കുകയും ഇല്ല. വാർത്ത പുറത്തുവന്നതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.
ആദ്യം ഒന്നോ രണ്ടോ പേരിൽ മാത്രം കണ്ടുതുടങ്ങിയ അവസ്ഥ പൊടുന്നനെ വ്യാപകമാവുകയായിരുന്നു. മുടികൊഴിച്ചിൽ കൂടുതൽപ്പേരിൽ റിപ്പോർട്ടുചെയ്തതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്. എന്താണ് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്. മുടികൊഴിച്ചിലിന് വിധേയരായ നിരവധിപേരെ വിദഗ്ദ്ധർ പരിശോധിക്കുകയും ചെയ്തു. ചിലരിൽ താടിയും മീശയും പുരികങ്ങളും ഉൾപ്പെടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലെ രോമങ്ങളും കൊഴിഞ്ഞുപോകുന്നുണ്ട്. ചിലർ കൊഴിഞ്ഞുവീണ മുടിയിഴകൾ പ്രത്യേക കവറുകളിലാക്കി സൂക്ഷിച്ചുവച്ചിട്ടുണ്ട്. കാരണം കണ്ടെത്താൻ ഉപയോഗപ്പെടുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുടികൊഴിച്ചിൽ അനുഭവപ്പെടുന്നവരെ പരിശോധിച്ചപ്പോൾ തലയോട്ടിയിലെ ചർമ്മത്തിൽ ചെറിയ രീതിയിൽ ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതാണോ മുടികൊഴിയാൻ കാരണമെന്ന് വ്യക്തമല്ല. പ്രദേശങ്ങളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെള്ളത്തിൽ ഘനലോഹങ്ങളുടെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ ഫംഗസ് ബാധ വർദ്ധിപ്പിക്കും. ശിരോ ചർമ്മത്തിന്റെ സാമ്പിളുകൾ ബയോപ്സിക്ക് അയച്ചിട്ടുണ്ട്. വെള്ളത്തിന്റെയും ചർമ്മപരിശോധനയുടെയും ഫലം കിട്ടിയാലേ ശരിക്കുള്ള കാരണം കണ്ടെത്താനാവൂ എന്നാണ് അധികൃതർ പറയുന്നത്.