വാരാണസി: നൂറുവർഷത്തിലേറെയായി അടച്ചിട്ടിരുന്ന വാരാണസിയിലെ സിദ്ധേശ്വർ മഹാദേവ് ക്ഷേത്രം വീണ്ടും തുറന്നു. മതപരമായ ആചാരങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ ക്ഷേത്രത്തിന്റെ ഉടമസ്ഥരായ സനാതൻ രക്ഷക് ദളിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് ക്ഷേത്രം തുറന്നത്. കഴിഞ്ഞമാസമാണ് ഇതുസംബന്ധിച്ച് സനാതൻ രക്ഷക് ദൾ അഭ്യർത്ഥന നടത്തിയത്.
ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ പൂട്ടുകൾ പൊളിച്ചത്. കേടുപാടുകൾ പറ്റിയ മൂന്ന് ശിവലിംഗങ്ങളും വലിയ തോതിലുള്ള അവശിഷ്ടങ്ങളും മണ്ണും കണ്ടെത്തിയിട്ടുണ്ട്. രണ്ടടിയോളം പൊക്കത്തിൽ മണ്ണുണ്ടെന്നാണ് റിപ്പോർട്ട്. പുരാവസ്തുക്കൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ വളരെ ശ്രദ്ധയോടെ അവശിഷ്ടങ്ങളും മണ്ണും നീക്കംചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഉടൻതന്നെ ക്ഷേത്രം പുതുക്കിപ്പണിയാനുള്ള നടപടികളെക്കുറിച്ചും പൂജാ നടപടികളെക്കുറിച്ചും തീരുമാനമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ക്ഷേത്രം തുറക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവച്ചേക്കുമെന്ന ഭയത്താൽ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്. വൻ പൊലീസ് സംഘത്തിനൊപ്പം ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. ക്ഷേത്രം വീണ്ടും തുറക്കുന്നതിൽ പ്രദേശവാസികൾക്ക് എതിർപ്പില്ലെന്നും അവർ പൂർണ മനസോടെ സഹകരിച്ചു എന്നാണ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അലോക് വർമ പറയുന്നത്. കാശി നിവാസികളുടെ ശ്രമങ്ങളാണ് ക്ഷേത്രം വീണ്ടും തുറക്കുന്നതിലേക്ക് നയിച്ചതെന്ന് സനാതൽ രക്ഷക് ദൾ സംസ്ഥാന പ്രസിഡന്റ് അജയ് ശർമ്മ പറഞ്ഞു. കാലപ്പഴക്കം കൊണ്ടാവാം ശിവലിംഗങ്ങൾക്ക് കേടുപറ്റിയതെന്നാണ് കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]