കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനടക്കമുള്ള നാല് സിപിഎം നേതാക്കൾ ജയിൽ മോചിതരായി. ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് ഇന്നലെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന്റെ രേഖകൾ ജയിലിലെത്താൻ വൈകിയതിനാൽ ബുധനാഴ്ച ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടർന്നാണ് ഇന്ന് രാവിലെ അവർ ജയിൽ മോചിതരായത്.
ജയിലിന് പുറത്ത് ഇവർക്ക് വൻ സ്വീകരണമാണ് പാർട്ടി ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മുതിർന്ന നേതാവ് പി ജയരാജൻ, സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും ഇവരെ സ്വീകരിക്കാൻ എത്തിയിരുന്നു. രക്തഹാരമണിയിച്ചാണ് ജയിലിന് പുറത്തെത്തിയ നാലുപേരെയും സ്വീകരിച്ചത്. സിപിഎം നേതാക്കളായതുകൊണ്ടാണ് തങ്ങളെ പ്രതിചേർത്തതെന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കെ വി കുഞ്ഞിരാമൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിചേർത്തതിൽ ഗൂഢാലോചന ഉണ്ടെന്നും തങ്ങൾ നിരപരാധികളാണെന്ന് പാർട്ടിക്ക് ബാേദ്ധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീലിനൊപ്പം നൽകിയ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശിക്ഷ സ്റ്റേ ചെയ്തത്. അപ്പീലുകൾ തീർപ്പാക്കാൻ കാലതാമസം വരുന്ന കേസുകളിൽ, പരിമിതകാല ശിക്ഷ കിട്ടിയവർക്ക് ജാമ്യം നൽകുന്നത് മേൽക്കോടതിയുടെ സാധാരണ നടപടിയാണ്.
ഇരുപതാം പ്രതിയായ കുഞ്ഞിരാമന് പുറമേ പതിനാലാം പ്രതി കെ. മണികണ്ഠൻ, ഇരുപത്തൊന്നാം പ്രതി രാഘവൻ വെളുത്തോളി, ഇരുപത്തിരണ്ടാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരാണ് അപ്പീൽ നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേസിലെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചെന്ന കുറ്റത്തിന് ഇവർക്ക് പ്രത്യേക സിബിഐ കോടതി അഞ്ചു വർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു. മറ്റ് 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്.