ന്യൂഡൽഹി: രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ നീട്ടി ഇന്ത്യ. കഴിഞ്ഞ ആഗസ്ത് മുതൽ ഇന്ത്യയിൽ കഴിയുന്ന ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ളാദേശിലെ ഇടക്കാല ഭരണകൂടം ആവശ്യപ്പെടുന്നതിനിടെയാണിത്. കൊലപാതകങ്ങളിലും മറ്റും പങ്കുണ്ടെന്ന് ആരോപിച്ച് ഹസീന ഉൾപ്പെടെ 97 പേരുടെ പാസ്പോർട്ട് ബംഗ്ളാദേശ് റദ്ദാക്കിയിട്ടുണ്ട്.
രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീന ആഗസ്റ്റ് 5 ന് ഡൽഹി അതിർത്തിയിലെ ഹിൻഡൺ വ്യോമതാവളത്തിൽ എത്തിയെന്ന് മാത്രമാണ് പുറത്തു വന്ന വിവരം. തുടർന്ന് ഡൽഹിയിലെ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഹസീനയയ്ക്ക് അഭയം നൽകിയതായി ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ല. അത്തരത്തിൽ അഭയം നൽകാനുള്ള നിയമമില്ലെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടാണ് വിസ കാലാവധി നീട്ടിയത്. നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ പ്രതികരിച്ചിരുന്നില്ല. വംശഹത്യ അടക്കം കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്നവരെ പ്രോസിക്യൂട്ട് ചെയ്യാൻ രൂപീകരിച്ച ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രിമിനൽ ട്രിബ്യൂണൽ ജനുവരി 6 ന് ഹസീനയ്ക്കെതിരെ രണ്ടാം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.