
‘കൈവിടാതെ കൂടെ നിന്ന് നീതിക്കായി പൊരുതിയവർ’;ബില്‍ക്കിസ് ബാനുവിനൊപ്പം പോരാടിയ സ്ത്രീകള്‍.
സ്വന്തം ലേഖിക
ബില്‍ക്കിസ് ബാനു കേസില്‍ 21 വര്‍ഷങ്ങള്‍ക്കു ശേഷം ആശ്വാസം നല്കുന്ന ഒരു വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നു.ഇത്രയും വര്‍ഷങ്ങള്‍ നീണ്ടുനിന്ന കേസില്‍ പ്രധാനപ്പെട്ട ഇടപെടലായിരുന്നു കുറ്റവാളികളെ വെറുതെ വിടാൻ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ അതിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി.
അന്ന് പരാതിക്കാരായി അതിന്റെ ഭാഗമായത് മൂന്നു സ്ത്രീകളാണ്. ലക്നൗ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസറായിരുന്ന രൂപ് രേഖ വര്‍മ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിനിധിയായിരുന്ന സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലൗള്‍ എന്നിവരാണ് ആ മൂന്നു സ്ത്രീകള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളെ വെറുതെവിട്ട വിവരം പുറത്ത് വന്നയുടനെ തന്നെ പൊതുതാത്പര്യ ഹര്‍ജിയുടെ ഭാഗമാകണമെന്നാവശ്യപ്പെട്ട് ഒരു സുഹൃത്ത് തന്നെ വിളിക്കുകയായിരുന്നെന്നും, ആ സമയത്ത് താൻ ലക്നൗവിലേക്കു വിമാനം കയറാൻ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നില്‍ക്കുകയായിരുന്നുവെന്നും രൂപ് രേഖ പറയുന്നു. അപ്പോള്‍തന്നെ കേസില്‍ കക്ഷിയാകാൻ തയാറാണ് എന്നറിയിക്കുകയും അതിനു വേണ്ടി തന്റെ ആധാര്‍ കാര്‍ഡ് കൊറിയര്‍ വഴി അയച്ചു നല്‍കുകയും ചെയ്തു.പ്രതികളെ വെറുതെവിട്ട വാര്‍ത്ത പുറത്തു വന്നപ്പോള്‍തന്നെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നിരവധിപേര്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും രൂപ് രേഖ പറയുന്നു.
ഗുജറാത്ത് കലാപത്തിന്റെ നാളുകള്‍ മുതല്‍ ബില്‍ക്കിസിന്റെ ഒപ്പം നിന്ന വ്യക്തിയായിരുന്നു സിപിഎം നേതാവ് സുഭാഷിണി അലി. ആക്രമണത്തിനിരായി ഗുജറാത്തിലെ ദുരിതാശ്വാസ ക്യാമ്ബില്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിനിധിയായി നടത്തിയ സന്ദര്‍ശനത്തിലാണ്
ബില്‍ക്കിസിനെ ആദ്യമായി നേരില്‍ കാണുന്നത്. ആക്രമണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. ഇത് ജനാധിപത്യത്തിന്റെ അവസാനമാണോ എന്ന അപ്പോഴത്തെ ബില്‍ക്കിസ് ബാനുവിന്റെ ചോദ്യം തനിക്ക് ഷോക്കേറ്റ അനുഭവമാണ് നല്‍കിയതെന്ന് പിന്നീട് സുഭാഷിണി അലി വെളിപ്പെടുത്തിയിരുന്നു. ബില്‍ക്കിസ് ബാനുവിന് നീതി തേടിയുള്ള പോരാട്ടത്തില്‍ കപില്‍ സിബലിനെപോലെയും അപര്‍ണ ഭട്ടിനെ പോലെയുമുള്ള പ്രഗത്ഭരായ വക്കീലന്മാരുടെ സഹായം തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും അത് വലിയ ഭാഗ്യമായെന്നും സുഭാഷിണി അലി പറയുന്നു.
പരാതിയും രണ്ട് പരാതിക്കാരും തയാറായി. ഒരു പരാതിക്കാരിയെ കൂടി ആവശ്യമുണ്ട്. അങ്ങനെയാണ് അവര്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന രേവതി ലൗളിനെ ബന്ധപ്പെടുന്നത്. ഗുജറാത്തില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തക എന്ന രീതിയില്‍ പ്രതികളെ വെറുതെ വിട്ട വിവരം അറിഞ്ഞപ്പോള്‍തന്നെ രേവതി ലൗള്‍ അസ്വസ്ഥയായിരുന്നു. ഗുജറാത്ത് കലാപ സമയത്ത്, ബില്‍ക്കിസ് ബാനു അക്രമിക്കപ്പെട്ടതിന്റെ അടുത്തദിവസങ്ങളില്‍ തന്റെ ജോലിയുടെ ഭാഗമായി അവരെ നേരില്‍ കാണുകയും, പിന്നീട് ‘അനാട്ടമി ഓഫ് ഹേറ്റ്’ എന്ന പേരില്‍ സംഭവത്തെ കുറിച്ച് ഒരു പുസ്തകംതന്നെ എഴുതുകയും ചെയ്തിരുന്നു രേവതി ലൗള്‍. വിഷയത്തിന്റെ ആഴം കൃത്യമായി അറിയാമായിരുന്നതുകൊണ്ടുതന്നെ കേസില്‍ കക്ഷിയാകാൻ രേവതി ലൗളിനു രണ്ടാമതൊന്നു ചിന്തിക്കേണ്ടിയിരുന്നില്ല.
പ്രതികളെ വെറുതെവിട്ട വാര്‍ത്ത തന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു എന്നാണ് സുഭാഷിണി അലി പറഞ്ഞത്. ഒരു യുവതി കൂട്ടബലാത്സംഗത്തിനിരയാകുന്നതും, സ്വന്തം മകളെ അക്രമികള്‍ കണ്മുന്നിലിട്ട് ബലാല്‍സംഗം ചെയ്യുന്നതും കൊല്ലുന്നതും ചിന്തിക്കാൻ സാധിക്കാത്ത കാര്യമാണെന്നും ഇത്രയും ക്രൂരമായ സംഭവം അതിനുമുമ്ബ് ഒരു വര്‍ഗീയ കലാപത്തിലും കേട്ടിട്ടില്ലെന്നും സുഭാഷിണി അലി പറയുന്നു.
സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ക്കു ശേഷം ദുരിതാശ്വാസ ക്യാമ്ബില്‍ ബില്‍ക്കിസ് ബാനുവിനെ കാണാൻ ചെല്ലുമ്ബോള്, മെലിഞ്ഞ ശരീരമുള്ള നാലുമാസം ഗര്‍ഭിണിയായിരുന്ന ഒരു സ്ത്രീയെയാണ് കണ്ടതെന്ന് സുഭാഷിണി അലി പറയുന്നു. അവരുടെ കൂടെ ഭര്‍ത്താവുമുണ്ടായിരുന്നു. എട്ടു വര്‍ഷം കഴിഞ്ഞ് കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റിയതിനു ശേഷമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാൻ സാധിക്കില്ല എന്നായിരുന്നു ആദ്യം ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നത് എന്നാല്‍ കേസിന്റെ വ്യാപ്തി മനസിലാക്കി കോടതി അത് അനുവദിക്കുകയായിരുന്നു- സുഭാഷിണി അലി പറയുന്നു.
2022 ഓഗസ്റ്റില്‍ പ്രതികള്‍ പുറത്തിറങ്ങിയതിനു ശേഷം നിരവധി ചോദ്യങ്ങളുന്നയിച്ചുകൊണ്ട് മുൻ എംപി കൂടിയായ മഹുവ മൊയ്ത്രയും കേസിന്റെ ഭാഗമായി. മഹുവയുടെ വാദങ്ങള്‍ കേള്‍ക്കാൻ സുപ്രീം കോടതി തയാറാവുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]