
തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാവിലെ തൊടുപുഴയിലേക്ക് തിരിക്കും. നിലവിൽ ഗവര്‍ണര്‍ ആലുവ ഗസ്റ്റ് ഹൗസില്‍ തങ്ങുകയാണ്. എൽഡിഎഫ് പ്രതിഷേധങ്ങൾക്കിടെ കനത്ത സുരക്ഷയിലാണ് ഗവര്‍ണറുടെ യാത്രയും പരിപാടിയും. അതേസമയം,ഭൂപതിവ് ബില്ലിൽ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ എൽഡിഎഫ് ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹർത്താലും പുരോഗമിക്കുകയാണ്.
എല്‍ഡിഎഫ് പ്രതിഷേധം മുന്നിൽകണ്ട് വലിയ സുരക്ഷാ ക്രമീകരണങ്ങൾ തൊടുപുഴയിലും ഗവര്‍ണറുടെ വഴിയുടനീളവും ഒരുക്കിയിട്ടുണ്ട്. കോട്ടയം എറണാകുളം ജില്ലകളിൽ നിന്ന് പോലീസ് തൊടുപുഴയിൽ എത്തി. അതേസമയം തൊടുപുഴയിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ രാവിലെ കറുത്ത ബാനർ ഉയർത്തി. വ്യാപാരികളുടെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപം ആണ് ബാനർ ഉയര്‍ത്തിയിരിക്കുന്നത്.
എന്നാല്‍ ഇടുക്കിയിലെ ഹർത്താൽ പിൻവലിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര ആവശ്യപ്പെട്ടു. ഭരണഘടന ചുമതല വഹിക്കുന്ന ഒരാൾ വരുമ്പോൾ ഹർത്താൽ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും കാരുണ്യ പദ്ധതി ആർക്കും എതിരല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഗവർണറുമായുള്ള അഭിപ്രായ ഭിന്നത തെരുവിലല്ല തീർക്കേണ്ടതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.
ആരെയും വെല്ലുവിളിക്കാൻ അല്ല തൊടുപുഴയില്‍ ഗവര്‍ണറുടെ പരിപാടി സംഘടിപ്പിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് സണ്ണി പൈമ്പിള്ളിയിൽ പറഞ്ഞു. ചാരിറ്റി പരിപാടിയുടെ ഉദ്ഘാടനം ആണ് നടക്കുന്നതെന്നും ഗവർണർ വരുന്ന ദിവസം ഹർത്താൽ പ്രഖാപിച്ചത് ശരിയായില്ലെന്നും അദ്ദേഹവും അഭിപ്രായപ്പെട്ടു. പരിപാടി പ്രശ്നങ്ങൾ ഇല്ലാതെ നടത്താൻ ഇടത് മുന്നണി സഹകരിക്കണം. വ്യാപാരികൾ ആർക്കും എതിരല്ലെന്നും സംഘടനയ്ക്ക് രാഷ്ട്രീയം ഇല്ലെന്നും സണ്ണി പൈമ്പള്ളിയിൽ പറഞ്ഞു.
അതേസമയം ഇടുക്കിയിലെ എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോള്‍ പൂര്‍ണമാണ്. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. നിരത്തില്‍ വാഹനങ്ങളും കുറവാണ്. രാജ്ഭവനിലേക്ക് പതിനായിരം കര്‍ഷകരെ അണിനിരത്തിയുള്ള എല്‍ഡിഎഫിന്റെ മാര്‍ച്ചും ഇന്ന് രാവിലെ നടക്കും. 10,000 കർഷകരെ അണിനിരത്തുന്ന രാജ്ഭവന് മാർച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് കൺവീനർ, ഘടക കക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
Last Updated Jan 9, 2024, 9:13 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]