
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മ്യൂണിക് – എഴുപതുകളില്‍ ഫ്രാന്‍സ് ബെക്കന്‍ബവര്‍ ലോക ഫുട്ബോളില്‍ ശ്രദ്ധ നേടും മുമ്പ് തന്നെ ലിബറൊ എന്ന ആശയം ഫുട്ബോളില്‍ പ്രചാരം നേടിയിരുന്നു. ലിബറൊ എന്ന വാക്ക് വന്നത് ഇറ്റാലിയന്‍ ഭാഷയിലെ സ്വതന്ത്രം എന്ന വാക്കില്‍ നിന്നാണ്. പ്രതിരോധ നിരക്കു പിന്നിലെ സംരക്ഷണ ഭിത്തിയാണ് ഫുട്ബോളില്‍ ലിബറൊ അല്ലെങ്കില്‍ സ്വീപര്‍. ആ പൊസിഷന്‍ കഴിവും ചാരുതയും ദീര്‍ഘവീക്ഷണവും കൊണ്ട് ഒരു റൊമാന്റിക് ഭാവം നല്കാന് സാധിച്ചുവെന്നതാണ് ബെക്കന്‍ബവറുടെ മഹത്വം. ഫുട്ബോള്‍ പിച്ചിലെ ഏറ്റവും പിന്നിലുള്ള പൊസിഷന്‍ ആക്രമണസ്വഭാവം പകര്ന്നുനല്കാന് ജര്‍മന്‍ ജഴ്സിയിലെ അഞ്ചാം നമ്പറുകാരന് സാധിച്ചു.
ടീമിന്റെ ആക്രമണങ്ങള്‍ തുടങ്ങിയത് ബെക്കന്ബവറില് നിന്നായിരുന്നു. ഒന്നുകില്‍ കാലിലൊട്ടിച്ചതു പോലെയുള്ള പന്തുമായുള്ള കുതിപ്പ്, അല്ലെങ്കില്‍ എണ്ണം പറഞ്ഞ ലോംഗ്പാസ്. അറുപതുകളുടെ മധ്യത്തോടെ ബയേണ്‍ മ്യൂണിക് ലോകോത്തര ക്ലബ്ബായി വളര്‍ന്നത് ബെക്കന്‍ബവറുടെ സാന്നിധ്യം കൊണ്ടായിരുന്നു. 1974ല്‍ ജര്‍മനി ലോക ചാമ്പ്യന്മാരായി.
ഏതെങ്കിലുമൊരു കളിക്കാരന് പിന്നില്‍ നിന്ന് പന്തുമായി മുന്നേറുമ്പോള്‍ ബെക്കന്ബവറാവാന് നോക്കുകയാണെന്ന് ആളുകള്‍ പറയുമായിരുന്നു. യഥാര്‍ഥത്തില്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായാണ് ബെക്കന്‍ബവര്‍ തുടങ്ങിയത്. 1966ലെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് പശ്ചിമജര്‍മനി തോറ്റപ്പോവും അതിനു ശേഷവും ബെക്കന്‍ബവര്‍ ആ പൊസിഷനിലായിരുന്നു. എന്നാല്‍ ലിബറോയുടെ പൊസിഷനിലാണ് ബെക്കന്‍ബവര്‍ക്ക് കളിയുടെ ചുക്കാന്‍ പിടിക്കാന്‍ സാധിച്ചത്. സ്യൂട്ട് ധരിച്ച് കളിക്കാന്‍ സാധിക്കുന്ന വിധം അയത്നലളിതവും സൗന്ദര്യം ചാലിച്ചതുമായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങള്‍. അത് കളിയുടെ രീതിശാസ്ത്രം തന്നെ തിരുത്തിയെഴുതി. പുല്‍പ്പരപ്പിലൂടെ അദ്ദേഹം ഒഴുകിനീങ്ങുകയായിരുന്നു.
ബയേണില്‍ അവസരത്തിനൊത്ത് മുന്നോട്ടു കുതിക്കുന്ന രണ്ട് സെന്‍ട്രല്‍ ഡിഫന്റര്‍മാരിലൊരാളായിരുന്നു ബെക്കന്‍ബവര്‍. ഇന്ന് ആ പൊസിഷനില്ല. പകരം നാല് ഡിഫന്റര്മാരിലൊരാള് ആ ചുമതല നിര്‍വഹിക്കുകയാണ്. റയല്‍ മഡ്രീഡില്‍ ഡേവിഡ് ആലബയും ഏതാനും വര്‍ഷം മുമ്പ് വരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ റിയൊ ഫെര്‍ഡിനാന്റും ഉദാഹരണം.
രണ്ടു തവണ ബെക്കന്‍ബവര്‍ ബാലന്‍ഡോര്‍ നേടി -1972ലും 1976ലും. 1974ലെയും 1975ലെയും വോട്ടിംഗില്‍ രണ്ടാമതെത്തി. 1972 മുതല്‍ 1974 വരെ തുടര്‍ച്ചയായി ജര്‍മന്‍ ലീഗ് ചാമ്പ്യനായി. 1974 മുതല്‍ 1976 വരെ തുടര്‍ച്ചയായി യൂറോപ്യന്‍ കപ്പ് നേടി. 1974 മാര്‍ച്ചില്‍ ഡൂയിസ്ബര്ഗിനെതിരെ ചെത്തിവിട്ട ഫ്രീകിക്കില്‍ നിന്നാണ് ബയേണിനു വേണ്ടിയുള്ള ഏറ്റവും പ്രശസ്തമായ ഗോള്‍ ബെക്കന്‍ബവര്‍ നേടിയത്. ഡിഫന്റര്‍മാര്‍ ശ്രമിക്കുക പോലും ചെയ്യാതിരുന്ന കാര്യങ്ങളാണ് കളിക്കളത്തില്‍ ബെക്കന്‍ബവര്‍ സാധ്യമാക്കിയത്.