ചാരന്മാരാകാൻ താൽപര്യമുള്ളവരെ തേടി പരസ്യം നൽകിയതിന് പിന്നാലെ വൻ പ്രതികരണവുമായി അർജന്റീനയുടെ രഹസ്യാന്വേഷണ ഏജൻസി. പരസ്യം പുറത്തുവന്ന് വെറും 24 മണിക്കൂറിനുള്ളിൽ 40,000 -ത്തിലേറെ അപേക്ഷകളാണ് ഏജൻസിക്ക് ലഭിച്ചത്.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പൊതുജനങ്ങളിൽനിന്ന് നേരിട്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നത്. അർജന്റീനയുടെ സ്റ്റേറ്റ് ഇന്റലിജൻസ് സെക്രട്ടേറിയറ്റ് (SIDE) നവംബർ മൂന്നിനാണ് പുതിയ റിക്രൂട്ട്മെന്റ് ക്യാംപയിൻ ആരംഭിച്ചത്.
ബ്യൂണസ് അയേഴ്സ് നഗരത്തിലും സർവകലാശാലകൾക്ക് സമീപവും അമേരിക്കയിലെ പ്രശസ്തമായ അങ്കിൾ സാം റിക്രൂട്ട്മെന്റ് പരസ്യത്തിന്റെ മാതൃകയിലുള്ള പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു. ‘മികച്ചവരെ തേടുന്നു’ എന്നതായിരുന്നു പരസ്യത്തിലെ പ്രധാന സന്ദേശം.
യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനും രഹസ്യാന്വേഷണ സംവിധാനത്തെ കൂടുതൽ സുതാര്യവും പ്രൊഫഷണലുമാക്കുന്നതിനുമാണ് ഈ പുതിയ നീക്കമെന്ന് ഏജൻസി വ്യക്തമാക്കുന്നു. “Por primera vez en la historia, abrimos un concurso público para ingresar al Cuerpo de Inteligencia de la Nación.Esta medida forma parte del proceso de transparencia y profesionalización del Sistema de Inteligencia Nacional, con una carrera basada en el mérito, la formación y los resultados.https://t.co/T9T1dzpO7T— Secretaría de Inteligencia (@SIDE_Argentina) November 3, 2026” മുൻപ് രഹസ്യാന്വേഷണ മേഖലയിലോ സുരക്ഷാ വിഭാഗത്തിലോ പ്രവർത്തിച്ച മുൻപരിചയം ഇതിനായി നിർബന്ധമില്ല.
അർജന്റീനൻ പൗരത്വവും സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയും ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ, ബ്യൂണസ് അയേഴ്സിലേക്ക് താമസം മാറാനും ഉദ്യോഗാർത്ഥികൾ തയ്യാറായിരിക്കണം.
വൈദ്യപരിശോധന, ശാരീരികക്ഷമതാ പരിശോധന, മാനസിക പരിശോധന, പശ്ചാത്തല പരിശോധന എന്നിവയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ട്രാറ്റജിക് അനാലിസിസ്, സൈബർ ഇന്റലിജൻസ്, സാങ്കേതികവിദ്യ, വിദേശഭാഷകൾ, പ്രാദേശിക പഠനം, ഓപ്പറേഷൻസ്, കൗണ്ടർ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ളവരെയാണ് ഏജൻസി പ്രധാനമായും തേടുന്നത്.
പ്രൊഫൈൽ പരിശോധനയ്ക്കും ഓൺലൈൻ പൊതുവിജ്ഞാന പരീക്ഷയ്ക്കും ശേഷം എഴുത്തുപരീക്ഷ, അഭിമുഖം, ശാരീരിക-മാനസിക പരിശോധനകൾ എന്നിവ നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നാഷണൽ ഇന്റലിജൻസ് സ്കൂളിൽ പ്രത്യേക പരിശീലനം ലഭിക്കും.
എന്നാൽ, ഈ പരിശീലനം പൂർത്തിയാക്കുന്നത് മാത്രം നിയമനം ഉറപ്പാക്കുന്നില്ല. നവംബർ 30 വരെയാണ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി.
എന്നാൽ ഒഴിവുകളുടെ കൃത്യമായ എണ്ണമോ ശമ്പള വിവരങ്ങളോ ഏജൻസി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജോലിക്ക് നിശ്ചിത സമയമില്ലെന്നും കടുത്ത വെല്ലുവിളികളും യഥാർഥ അപകടസാധ്യതകളുമുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നുണ്ട്.
പരസ്യത്തിലൂടെ ഉദ്യോഗാർഥികളെ തേടുന്ന രീതി രഹസ്യാന്വേഷണ ഏജൻസിക്ക് അനുയോജ്യമാണോയെന്ന വിമർശനവും ഇതിനകം വിവിധ കോണുകളിൽ നിന്ന് ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

